ഭുവനേശ്വർ: വിമാനം റദ്ദാക്കിയതിൽ പ്രകോപിതയായ യാത്രക്കാരി വിമാനത്താവളത്തിൽ വ്യാപകമായി അക്രമം അഴിച്ചുവിട്ടു. ഒഡീഷയിലെ ഭുവനേശ്വർ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ മൂലം അവസാന നിമിഷം റദ്ദാക്കിയതാണ് യുവതിയെ ചൊടിപ്പിച്ചത്. സംഭവത്തിൽ മാമോനി ഖരാത് എന്ന യാത്രക്കാരിക്കെതിരെ വിമാനത്താവള അധികൃതർ എയർഫീൽഡ് പോലീസിൽ പരാതി നൽകി.
കൊൽക്കത്തയിലേക്ക് പോകാൻ ടിക്കറ്റെടുത്ത് കാത്തിരുന്ന 6ഇ 7352 നമ്പർ ഇൻഡിഗോ വിമാനമാണ് റദ്ദാക്കപ്പെട്ടത്. വിവരമറിഞ്ഞതോടെ നിയന്ത്രണം വിട്ട യുവതി ജീവനക്കാരുമായി രൂക്ഷമായ വാക്കുതർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും തിരിയുകയായിരുന്നു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്), ഇൻഡിഗോ എയർലൈൻസ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരുടെ സുരക്ഷാ ജീവനക്കാർ നോക്കിനിൽക്കെയാണ് യുവതി ഡിപ്പാർച്ചർ ലോഞ്ചിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൗണ്ടറിലുണ്ടായിരുന്ന കമ്പ്യൂട്ടർ മോണിറ്റർ, കീബോർഡ്, പാസ്‌പോർട്ട് സ്വൈപ്പിംഗ് മെഷീൻ എന്നിവ അടിച്ചുതകർത്തത്.
അക്രമത്തിൽ ഏകദേശം 49,000 രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായി വിമാനത്താവള അധികൃതർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. യുവതി ജീവനക്കാരുമായി തർക്കിക്കുന്നതിന്റെയും ഉപകരണങ്ങൾ തല്ലിത്തകർക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നുണ്ട്. സുരക്ഷാ ജീവനക്കാർ തടയാൻ ശ്രമിച്ചിട്ടും യുവതി പിന്മാറാൻ തയ്യാറായില്ല. വിമാനത്താവളത്തിൽ അതിക്രമം കാണിച്ച യുവതിയിൽ നിന്ന് പൂർണ്ണമായി നഷ്ടപരിഹാരം ഈടാക്കണമെന്നും കർശന നിയമനടപടി സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



