കൊളംബിയയിൽ വിനാശകരമായ ഭൂകമ്പം: 132-ലേറെ മരണം; നൂറുകണക്കിന് ആളുകളെ കാണാനില്ല

ബൊഗോട്ട: കൊളംബിയയിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ കുറഞ്ഞത് 132 പേർ കൊല്ലപ്പെടുകയും 570-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നു. ഈ നൂറ്റാണ്ടിൽ രാജ്യത്തുണ്ടായ ഏറ്റവും മാരകമായ ഭൂകമ്പമാണിത്. തിങ്കളാഴ്ചയുണ്ടായ ദുരന്തത്തിൽ പടിഞ്ഞാറൻ കൊളംബിയൻ നഗരങ്ങളായ കാലി, പെരേര, ക്വിബ്ഡോ, മണിസാലസ് തുടങ്ങിയ പ്രദേശങ്ങളിൽ വൻ വിനാശമാണുണ്ടായത്. അയൽരാജ്യങ്ങളായ ഇക്വഡോറിലും പനാമയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു.

രാജ്യതലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് 400 കിലോമീറ്റർ അകലെ ചോക്കോ പ്രവിശ്യയിലെ സാൻ ജോസ് ഡെൽ പാൽമറിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിക്ക് 107 കിലോമീറ്റർ ആഴത്തിലുണ്ടായ ചലനത്തിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ 21-ലേറെ തുടർചലനങ്ങളും രേഖപ്പെടുത്തി. രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ കാലിയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി സന്നദ്ധപ്രവർത്തകരും രക്ഷാസേനയും ചേർന്ന് മനുഷ്യച്ചങ്ങല തീർത്താണ് തിരച്ചിൽ നടത്തുന്നത്. കാലിയിൽ മാത്രം 20 കെട്ടിടങ്ങൾ പൂർണ്ണമായും തകരുകയും 380-ഓളം കെട്ടിടങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിരവധി ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.

വലിയ ശബ്ദത്തോടെ കെട്ടിടങ്ങൾ നിലംപതിച്ചപ്പോൾ നഗരത്തിലുടനീളം വൻതോതിൽ പൊടിപടലങ്ങൾ ഉയർന്നതായി ദൃക്സാക്ഷിയായ ടാക്സി ഡ്രൈവർ ജോർജ്ജ് മോങ്കായോ മാധ്യമങ്ങളോട് പറഞ്ഞു. തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ നിന്നും ആളുകളെ പുറത്തെടുക്കാൻ ഭാരിച്ച യന്ത്രസാമഗ്രികൾ അടിയന്തിരമായി ആവശ്യമാണെന്ന് പ്രാദേശികവാസിയായ ജുവാൻ കർലോസ് ഒസോറിയോ മാധ്യമങ്ങളോട് വ്യക്തമാക്കി. വലിയ ബോംബ് സ്ഫോടനം പോലെയുള്ള ശബ്ദത്തോടെയാണ് കെട്ടിടങ്ങൾ തകർന്നുവീണതെന്ന് അദ്ദേഹം ഓർത്തെടുത്തു. സ്ഥിതിഗതികൾ കണക്കിലെടുത്ത് ദുരന്തബാധിത പ്രദേശങ്ങളിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തിര രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെയും ഫയർഫോഴ്സിനെയും വിന്യസിച്ചിട്ടുണ്ട്.

 

 

Related Articles

- Advertisement -spot_img

Latest Articles