തിരുവനന്തപുരം: കാസറഗോഡ് എം.ഡി.എം.എ കേസിൽ അറസ്റ്റിലായവരെ തനിക്ക് നേരിട്ട് പരിചയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഘടനാപരമായ ബന്ധം മാത്രമാണ് ഇരുവരുമുള്ളതെന്നും, എന്നാൽ ഇവർ തന്റെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററാണെന്ന രീതിയിൽ പുറത്തുവരുന്ന പ്രചാരണങ്ങൾ പൂർണ്ണമായും തെറ്റാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹുസൈനെയും അബ്ദുൽ സലാമിനെയും തനിക്ക് അറിയാമെന്ന് വി.ഡി. സതീശൻ പറഞ്ഞു. പോലീസ് മർദ്ദനത്തിൽ പരിക്കേറ്റ സമയത്താണ് ഹുസൈനെ ആദ്യമായി ഫോണിൽ ബന്ധപ്പെടുന്നതെന്നും, പിന്നീട് വീട് സന്ദർശിക്കുകയും ചില പരിപാടികളിൽ വെച്ച് കാണുകയും ചെയ്തിരുന്നു. അക്കാലത്തൊന്നും ഇയാൾക്ക് ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധമുള്ള കാര്യം പാർട്ടിക്കാർക്കോ നാട്ടുകാർക്കോ അറിയില്ലായിരുന്നു. അറസ്റ്റിലായപ്പോഴാണ് ഇക്കാര്യം എല്ലാവരും അറിയുന്നത്. പ്രതിപക്ഷ നേതാവായിരുന്ന സമയത്തും ഇപ്പോഴും തനിക്ക് പ്രത്യേക സോഷ്യൽ മീഡിയ ടീമോ കോ-ഓർഡിനേറ്ററോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാറിന്റെ നിർദ്ദേശപ്രകാരം മെറ്റ പോസ്റ്റുകൾ നീക്കം ചെയ്യുന്നെന്ന ആരോപണവും അദ്ദേഹം തള്ളി.
അതേസമയം, മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്ന പദ്ധതിയുടെ സ്പോൺസർമാരെ തീരുമാനിച്ചതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇടപാടിൽ സംസ്ഥാന സർക്കാറിന്റെ പങ്കും സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്നതും, ഫണ്ടിന്റെ ഉറവിടവും വിശദമായി പരിശോധിക്കേണ്ടതുണ്ട്. പ്രാഥമിക അന്വേഷണം പൂർത്തിയായ ശേഷമേ കേസ് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറേണ്ടതുണ്ടോ എന്നതിൽ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.



