കൊച്ചി: രാഷ്ട്രീയ പ്രാധാന്യമുള്ള പാലത്തായി പോക്‌സോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയും ബി.ജെ.പി നേതാവുമായ കെ. പത്മരാജന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. വിചാരണക്കോടതിയുടെ ശിക്ഷാവിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്ന് നിരീക്ഷിച്ചാണ് നടപടി. ഉത്തരവിനെ തുടർന്ന് പ്രതിക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യവുമാണ് പ്രധാന ഉപാധികൾ. ഇരയായ കുട്ടിയുടെ മൊഴികളിൽ വൈരുധ്യങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം പ്രസക്തമാണെന്ന് വിലയിരുത്തിയ കോടതി, അറുനൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ ഇത്തരമൊരു സംഭവം നടക്കാനുള്ള സാധ്യതയിലും സംശയം പ്രകടിപ്പിച്ചു.
2020 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ കണ്ണൂർ പാലത്തായിയിലെ സ്കൂളിൽ വെച്ച് നാലാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകനായ പത്മരാജൻ പീഡിപ്പിച്ചു എന്നാണ് കേസ്. മാതാവിന്റെ പരാതിയെ തുടർന്ന് 2020 ഏപ്രിൽ 15-ന് പ്രതി അറസ്റ്റിലായി. കേസന്വേഷണത്തിനിടെ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്‌സോ വകുപ്പുകൾ ഒഴിവാക്കിയതും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് നാലാമത്തെ അന്വേഷണ സംഘം സമർപ്പിച്ച അന്തിമ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ തലശ്ശേരി അതിവേഗ പോക്‌സോ കോടതി പത്മരാജന് ജീവപര്യന്തം തടവും 40 വർഷം തടവും വിധിച്ചിരുന്നു. ഈ വിധിക്കെതിരെ പ്രതി നൽകിയ അപ്പീലിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്.



