പെരുമ്പാവൂരിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ: മാനസിക-ശാരീരിക പീഡനമെന്ന് ആരോപണവുമായി ബന്ധുക്കൾ

കൊച്ചി : പെരുമ്പാവൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പെരുമ്പാവൂർ പനിച്ചയം ഓലിപ്പാറമോളിൽ ആര്യയെയാണ് (31) കഴിഞ്ഞ 18-ാം തീയതി രാവിലെ ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം നാട്ടകം സ്വദേശിയായ ദീപക് ബാബുവാണ് ആര്യയുടെ ഭർത്താവ്. സംഭവത്തിൽ ആര്യയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം പോലീസിൽ ഔദ്യോഗികമായി പരാതി നൽകി.

ആര്യയെ ഭർതൃമാതാവും മുത്തശ്ശിയും ചേർന്ന് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ഈ പീഡനങ്ങളാണ് ആര്യയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പ്രധാന പരാതി. മരണത്തിന് തലേദിവസം ഓണക്കോടി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഭർതൃവീട്ടിൽ രൂക്ഷമായ തർക്കങ്ങൾ നടന്നിരുന്നതായും അതിനുശേഷമാണ് ആര്യയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നും ബന്ധുക്കൾ വ്യക്തമാക്കി. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പെരുമ്പാവൂർ ഡിവൈ.എസ്.പിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ആര്യയുടെ കുടുംബം.

Related Articles

- Advertisement -spot_img

Latest Articles