വർഷകാല സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാത്തതിൽ ദുരൂഹത; മണ്ഡല പുനർനിർണയ ബില്ലിനായുള്ള നീക്കമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിച്ചതായി സ്പീക്കർ പ്രഖ്യാപിച്ച് 10 ദിവസം പിന്നിട്ടിട്ടും സഭ ഔദ്യോഗികമായി പിരിച്ചുവിട്ടുകൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം ഇറക്കാത്തതിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡല പുനർനിർണയ ബിൽ പാസാക്കാനായി പ്രത്യേക സമ്മേളനം വിളിക്കാനോ ബിൽ പാസാക്കാനോ ഉള്ള നീക്കങ്ങളുടെ ഭാഗമാണിതെന്ന് ആരോപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് രംഗത്തെത്തി.

സാധാരണഗതിയിൽ പാർലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞാൽ രണ്ടുമുതൽ നാലു ദിവസത്തിനകം ഔദ്യോഗിക പിരിച്ചുവിടൽ വിജ്ഞാപനം പുറപ്പെടുവിക്കാറുണ്ട്. എന്നാൽ 10 ദിവസം പിന്നിട്ടിട്ടും നടപടിയില്ലാത്തത് 2/3 ഭൂരിപക്ഷം ഒപ്പിച്ചു മണ്ഡല പുനർനിർണയത്തിനുള്ള ഭരണഘടനാ ഭേദഗതി ബിൽ കൊണ്ടുവരാനുള്ള ഗൂഢനീക്കമാണെന്ന് ജയറാം രമേശ് ആരോപിച്ചു. 2015-ൽ 28 ദിവസവും 2021-ൽ 20 ദിവസവും വിജ്ഞാപനം വൈകിയിട്ടുണ്ടെങ്കിലും അന്ന് ഇത്തരത്തിലുള്ള ദുരൂഹ നീക്കങ്ങൾ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ഭരണഘടനാ ഭേദഗതി ബജറ്റ് സമ്മേളനത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ പരാജയപ്പെട്ടിരുന്നു. തുടർന്ന് തൃണമുൽ കോൺഗ്രസ്, ഡി.എം.കെ, എൻ.സി.പി (ശരത് പവാർ) എന്നീ പാർട്ടികളിൽ നിന്നുള്ള പിന്തുണയോടെ വർഷകാല സമ്മേളനത്തിൽ ബിൽ വീണ്ടും അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആവശ്യത്തിന് ഭൂരിപക്ഷം ഉറപ്പാക്കാൻ സാധിച്ചിരുന്നില്ല.

ഓഗസ്റ്റ് 17, 18 തീയതികളിൽ പ്രത്യേക സമ്മേളനം ചേരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഓഗസ്റ്റ് 13-ന് സ്പീക്കർ ഓം ബിർള സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാറിന്റെ അടുത്ത നീക്കങ്ങളെ സംശയത്തോടെയാണ് പ്രതിപക്ഷം വീക്ഷിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles