നെതന്യാഹു അരാജകവാദി; അതിരൂക്ഷ വിമർശനവുമായി നഫ്താലി ബെനറ്റ്

തെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രിയും ‘ബെയാച്ചദ്’ പാർട്ടി തലവനുമായ നഫ്താലി ബെനറ്റ് രംഗത്തെത്തി. അരീപ് ഷാവിത് എഴുതിയ ‘ബെനറ്റ്: അവർ ഓഫ് ട്രൂത്ത്’ (Bennett: Hour of Truth) എന്ന പുസ്തക പ്രകാശനത്തോട് അനുബന്ധിച്ച് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നെതന്യാഹു ഒരു ‘അരാജകവാദിയാണെന്നും’ അദ്ദേഹത്തിന്റെ വിഷലിപ്തമായ രാഷ്ട്രീയ പ്രചാരണങ്ങൾ എതിരാളികൾക്ക് വൻ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും ബെനറ്റ് വെളിപ്പെടുത്തിയത്. നെതന്യാഹു അനുകൂല മാധ്യമങ്ങളും സോഷ്യൽ മീഡിയ ശൃംഖലകളും ചേർന്ന് തനിക്കെതിരെ അധികാരമോഹിയെന്ന വ്യാജ പ്രതിച്ഛായ ബോധപൂർവ്വം ചമയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാന എതിരാളിയായ ഗാഡി ഐസൻകോട്ട് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ ജീവൻ അപകടത്തിലാണെന്ന് ബെനറ്റ് ആശങ്ക പ്രകടിപ്പിച്ചു. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്ത ഐസൻകോട്ടിന് കടുത്ത ഭീഷണിയുണ്ടെന്നും, എതിരാളികളെ ഹിറ്റ്‌ലറെപ്പോലെ ചിത്രീകരിച്ച് ആക്രമിക്കുന്ന രീതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭരണപരിചയത്തിൽ മുന്നിലാണെങ്കിലും നെതന്യാഹു സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തിനായി ചെറിയ പദവികൾ സ്വീകരിക്കാനും താൻ തയ്യാറാണ്. തെരഞ്ഞെടുപ്പിന് ശേഷം താനും ഗാഡിയും മറ്റ് പ്രതിപക്ഷ നേതാക്കളും ചേർന്ന് ഒറ്റ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും ബെനറ്റ് വ്യക്തമാക്കി.

2021-ൽ താൻ പ്രധാനമന്ത്രിയായപ്പോൾ വളരെ നിരാശാജനകമായ രീതിയിലാണ് നെതന്യാഹു അധികാര കൈമാറ്റം നടത്തിയത്. താൻ ഭരണത്തിലെത്തിയാൽ രാജ്യദ്രോഹിയായി മുദ്രകുത്തുമെന്നും ജീവിതം തകർത്തുകളയുമെന്നും നെതന്യാഹു അന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ബെനറ്റ് വെളിപ്പെടുത്തി. അന്നത്തെ മുന്നറിയിപ്പുകൾ താൻ നിസ്സാരമായി കണ്ടുവെങ്കിലും കഴിഞ്ഞ നാല് വർഷത്തിനിടയിൽ രാജ്യം നേരിട്ടത് വലിയ ദുരന്തങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്റെ കാര്യത്തിൽ ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ വീഴ്ച വരുത്തിയത് നെതന്യാഹുവാണ്. 2018-നും 2021-നും ഇടയിൽ ഇറാൻ യുറേനിയം സമ്പുഷ്ടീകരണം മൂന്ന് ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയർത്തിയപ്പോൾ നെതന്യാഹു സർക്കാർ നിഷ്ക്രിയമായിരുന്നുവെന്നും താൻ പ്രധാനമന്ത്രിയായ ശേഷമാണ് നിർണായക നടപടികൾ സ്വീകരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മുൻനിർത്തി പ്രധാനമന്ത്രിമാർക്ക് കാലാവധി പരിധി നിർബന്ധമായും ഏർപ്പെടുത്തണമെന്നും ബെനറ്റ് ആവശ്യപ്പെട്ടു.

Related Articles

- Advertisement -spot_img

Latest Articles