ടെഹ്റാൻ: അമേരിക്ക ഇറാനെതിരെ നടപ്പിലാക്കുന്ന വിപുലമായ സാമ്പത്തിക ഉപരോധങ്ങളുമായി സഹകരിക്കുകയും പങ്കാളികളാകുകയും ചെയ്യുന്ന ഏതൊരു രാജ്യത്തെയും ഔദ്യോഗികമായി ‘ശത്രുവായി’ കണക്കാക്കുമെന്നും അവർക്കെതിരെ ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മുഹ്സിൻ റസായി. അമേരിക്ക പ്രഖ്യാപിച്ച പുതിയ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾക്ക് മുന്നോടിയായി, ഇറാന്റെ ഔദ്യോഗിക ചാനലായ IRIB-ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അയൽരാജ്യങ്ങൾക്കും ആഗോള സമൂഹത്തിനും മുന്നറിയിപ്പ് നൽകിയത്.
അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തിൽ നിന്ന് അകന്നു നിൽക്കാൻ എല്ലാ രാജ്യങ്ങളോടും അഭ്യർത്ഥിച്ച അദ്ദേഹം, ഉപരോധങ്ങളെ പിന്തുണയ്ക്കുന്ന പക്ഷം അതത് രാജ്യങ്ങളുടെ സാമ്പത്തിക-തന്ത്രപ്രധാന താല്പര്യങ്ങളെ ഇറാൻ നേരിട്ട് ലക്ഷ്യമിടുമെന്ന് വ്യക്തമാക്കി. ഇത്തരം സഹകരണം തുടർന്നാൽ പേർഷ്യൻ ഉൾക്കടലിൽ നിന്നും ഹോർമുസ് കടലിടുക്കിൽ നിന്നും ഒരു തുള്ളി എണ്ണ പോലും പുറത്തേക്ക് പോകാൻ അനുവദിക്കില്ലെന്നും, പേർഷ്യൻ ഉൾക്കടലിന് പുറത്തുള്ള ഇതര എണ്ണ കയറ്റുമതി പാതകൾ (ബാബ് അൽ-മന്ദബ് പോലുള്ളവ) തടസ്സപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തുടക്കത്തിൽ രാജ്യങ്ങളുമായി നയതന്ത്ര ചർച്ചകൾ നടത്തുമെങ്കിലും, അമേരിക്കൻ ഉപരോധങ്ങളിൽ സഹകരിക്കുന്ന രാജ്യങ്ങൾക്ക് മേൽ ശക്തമായ പ്രത്യാക്രമണം നടത്തുന്ന തരത്തിലുള്ള ‘മുന്നറിയിപ്പ് തന്ത്രമാണ്’ ഇറാൻ സ്വീകരിക്കുന്നത്.
അതേസമയം, അമേരിക്കൻ കടന്നാക്രമണങ്ങൾക്ക് മുന്നിൽ തങ്ങൾ വീണുപോകുമെന്ന വാഷിംഗ്ടണിന്റെ പ്രതീക്ഷകൾ തെറ്റിയെന്നും, രാജ്യം പൂർണ്ണമായ സാമ്പത്തിക-സൈനിക യുദ്ധത്തിലൂടെ പ്രതിരോധം തീർക്കുകയാണെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. ഇറാന്റെ പുതിയ ആക്രമണ തന്ത്രം കൂടുതൽ ശക്തമായ തിരിച്ചടികളിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു. തങ്ങൾക്ക് ചുറ്റുമുള്ള അയൽരാജ്യങ്ങളും യു.എസ് സഖ്യകക്ഷികളുമായ ഗൾഫ് രാഷ്ട്രങ്ങൾ നിലവിൽ വലിയ ഭൗമരാഷ്ട്രീയ പ്രതിസന്ധിയിലാണ്.



