റിയാദ്: സൗദി അറേബ്യയിലെ വിവിധ അതിർത്തി പ്രദേശങ്ങളിൽ അതിർത്തിരക്ഷാ സേന നടത്തിയ വിപുലമായ പരിശോധനകളിൽ വൻ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു. രാജ്യത്തേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താനുള്ള ശ്രമങ്ങൾ പട്രോളിംഗ് സംഘങ്ങൾ വിജയകരമായി തടയുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തബൂക്ക്, ജിസാൻ, അസീർ, നജ്റാൻ എന്നീ തന്ത്രപ്രധാന അതിർത്തി മേഖലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധനകൾ നടന്നത്.
വൈദ്യശാസ്ത്ര നിയന്ത്രണങ്ങളുള്ള 26,95,731 ഗുളികകൾ, 9,42,485 ആംഫെറ്റമിൻ ലഹരി ഗുളികകൾ, 138 ടൺ മയക്കുമരുന്ന് ചെടിയായ ഖാത്ത് (Khat), 2.8 ടൺ ഹാഷിഷ് എന്നിവയാണ് വിവിധ റെയ്ഡുകളിലായി പിടിച്ചെടുത്തത്. കടത്തുമായി ബന്ധപ്പെട്ട പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കേസ് തുടരന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ വ്യക്തമാക്കി. ലഹരിമരുന്ന് കടത്തുമായോ വിതരണവുമായോ ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നവർ ഉടനടി സുരക്ഷാ ഏജൻസികളെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
മക്ക, മദീന, റിയാദ്, ഈസ്റ്റേൺ പ്രവിശ്യകളിൽ ഉള്ളവർക്ക് 911 എന്ന നമ്പറിലും, മറ്റ് മേഖലകളിലുള്ളവർക്ക് 999 എന്ന നമ്പറിലും വിവരങ്ങൾ നൽകാം. കൂടാതെ ബോർഡർ ഗാർഡിനെ 994 എന്ന നമ്പറിലും, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളിനെ 995 എന്ന നമ്പറിലോ 995@gdnc.gov.sa എന്ന ഇമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അവർക്ക് യാതൊരുവിധ നിയമപരമായ ഉത്തരവാദിത്തവും ഉണ്ടാകില്ലെന്നും അധികൃതർ ആവർത്തിച്ചു.



