‘ആഡംബരം നിർത്തി സ്കൂളുകൾ നന്നാക്കൂ’: മന്ത്രിമന്ദിരങ്ങളിലെ കോടികളുടെ അറ്റകുറ്റപ്പണിക്കെതിരെ സി.ജെ.പി

ന്യൂഡൽഹി: ഡൽഹിയിലെ ലുട്ടെയ്ൻസ് മേഖലയിലുള്ള കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണികൾക്കായി സർക്കാർ ഭീമമായ തുക ചെലവഴിക്കുന്നതിനെതിരെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) രൂക്ഷവിമർശനവുമായി രംഗത്തെത്തി. പി.എം കെയർ ഫണ്ടിന് പിന്നാലെ മന്ത്രിമന്ദിരങ്ങളുടെ നവീകരണച്ചെലവുകൾ ചൂണ്ടിക്കാട്ടിയാണ് പാർട്ടി വൻ പ്രതിഷേധം ഉയർത്തിയിരിക്കുന്നത്. മന്ത്രിമാരുടെ ആഡംബര വസതികൾ മോടിപിടിപ്പിക്കുന്നതിന് പകരം ഈ തുക സർക്കാർ സ്കൂളുകളുടെ നിലവാരം ഉയർത്താനും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും ഉപയോഗിക്കണമെന്ന് സി.ജെ.പി ആവശ്യപ്പെട്ടു.

വിവരവാകാശ നിയമപ്രകാരം ലഭിച്ച കണക്കുകൾ പ്രകാരം കഴിഞ്ഞ 12 വർഷത്തിനിടയിൽ കേന്ദ്ര മന്ത്രിമാരുടെ വസതികളുടെ അറ്റകുറ്റപ്പണികൾക്കായി സർക്കാർ ആകെ 547.68 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. 2014-15 കാലഘട്ടത്തിൽ പ്രതിവർഷം 27 കോടി രൂപയായിരുന്ന അറ്റകുറ്റപ്പണി ചെലവ് 2025-26 ആയപ്പോഴേക്കും റെക്കോർഡ് തുകയായ 92 കോടി രൂപയായി ഉയർന്നു. 2014 മുതൽ 2019 വരെ 133.9 കോടി രൂപയും, 2019 മുതൽ 2024 വരെ 250 കോടി രൂപയും, 2024 മുതൽ 2026 വരെയുള്ള കാലയളവിൽ 174.5 കോടി രൂപയുമാണ് വസതികളുടെ നവീകരണത്തിനായി വിനിയോഗിച്ചത്.

ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെയാണ് സി.ജെ.പി പ്രതികരണം രേഖപ്പെടുത്തിയത്. “നിങ്ങളുടെ ആഡംബര വീടുകൾ മോടിപിടിപ്പിക്കുന്നത് നിർത്തി സ്കൂളുകൾ നന്നാക്കൂ! 92 കോടി രൂപ മുടക്കിയാൽ ലോകനിലവാരത്തിലുള്ള 10 പുതിയ സർക്കാർ സ്കൂളുകൾ നിർമിക്കാൻ സാധിക്കും. രാജ്യത്ത് പണത്തിന് പഞ്ഞമില്ല, എന്നാൽ അത് സർക്കാർ സ്കൂളുകൾക്കായി ഉപയോഗിക്കണമെന്ന ആത്മാർത്ഥതയാണ് ഇല്ലാത്തത്” എന്ന് പാർട്ടി രൂക്ഷമായി വിമർശിച്ചു. ഗ്രാമീണ മേഖലയിലെ സർക്കാർ സ്കൂളുകളിൽ കുടിവെള്ളം, ശുചിമുറി, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി സി.ജെ.പി അടുത്തിടെ ‘സ്കൂൾ തിക്ക് കരോ’ എന്ന പേരിൽ പ്രചാരണ പരിപാടിക്കും തുടക്കം കുറിച്ചിരുന്നു.

Related Articles

- Advertisement -spot_img

Latest Articles