പട്ന: ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകളിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധറിയുടെ വസതിയിലേക്ക് ഉദ്യോഗാർത്ഥികൾ നടത്തിയ മാർച്ചിൽ വൻ സംഘർഷം. ക്രമക്കേട് ആരോപണം ഉയർന്ന 70-ാമത് ബി.പി.എസ്.സി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സുരക്ഷാ ബാരിക്കേഡുകൾ തകർത്ത് മുന്നേറിയ പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചു. സംഭവത്തിൽ നിരവധി വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രാവിലെ 10 മണിയോടെ ഗാന്ധി മൈതാനത്തുനിന്നാണ് മാർച്ച് ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം പോലീസ് സ്ഥാപിച്ച തടസ്സങ്ങൾ ഭേദിച്ച് മുന്നോട്ടുനീങ്ങിയ വിദ്യാർത്ഥികളെ തടയാൻ ശ്രമിച്ചതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ ത്രിവർണ പതാകയുമേന്തി നൃത്തം ചെയ്തുകൊണ്ട് വിദ്യാർത്ഥികൾ അതിനെ പ്രതിരോധിച്ചു. അതിനിടെ, ഭൂമി സംബന്ധമായ പ്രശ്നങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന കർഷകരും കറുത്ത കൊടികളുമായി വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായെത്തി.
ബി.പി.എസ്.സി-ടി.ആർ.ഇ 4 പരീക്ഷകൾ ഒറ്റഘട്ടമായി നടത്തുക, നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കുക, ബി.എസ്.എസ്.സി പരീക്ഷകൾ കൃത്യമായി നടത്തുക, ഹിന്ദി മീഡിയം ഉദ്യോഗാർത്ഥികൾക്ക് അർഹമായ പരിഗണന നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആഴ്ചകളായി ഉദ്യോഗാർത്ഥികൾ പട്നയിൽ സമരത്തിലാണ്. മുൻപ് സർക്കാർ പ്രതിനിധികളുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധം ശക്തമാക്കാൻ വിദ്യാർത്ഥികൾ തീരുമാനിച്ചത്.



