സി.ജെ.പി പ്രക്ഷോഭത്തിലെ പോലീസ് അതിക്രമം: അന്വേഷണം അമിത് ഷായിലേക്ക് വ്യാപിപ്പിക്കണമെന്ന് സുപ്രീം കോടതിയിൽ ഹരജി

ന്യൂഡൽഹി: കോക്രോച് ജനത പാർട്ടി (സി.ജെ.പി) നടത്തിയ പ്രക്ഷോഭത്തിനിടെ ജന്തർമന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന പോലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ഉന്നതരിലേക്ക് വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പുതിയ അപേക്ഷ സമർപ്പിച്ചു. ഇതിനുപുറമെ, വിഷയത്തിൽ സുപ്രീം കോടതി രൂപീകരിച്ച ഉന്നതാധികാര അന്വേഷണ സമിതി പുനഃസംഘടിപ്പിക്കണമെന്നും ശൈലേന്ദ്ര മണി ത്രിപാഠി നൽകിയ അപേക്ഷയിൽ ആവശ്യപ്പെടുന്നു. ഹരജി ചീഫ് ജസ്റ്റിസ് മുമ്പാകെ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ പരാമർശിച്ചെങ്കിലും ഇത് അനുവദിക്കരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ശക്തമായി എതിർത്തു.

നേരത്തെ, പ്രമാദമായ കേസുകളിൽ സർക്കാറിന് അനുകൂലമായ വിധികൾ പുറപ്പെടുവിച്ചവരും സർക്കാറിനെ പിന്തുണയ്ക്കുന്നവരും ഉൾപ്പെടുന്ന നിലവിലുള്ള സമിതിയിൽനിന്ന് നീതി ലഭിക്കില്ലെന്ന് പ്രശാന്ത് ഭൂഷൺ അടക്കമുള്ള പ്രമുഖ അഭിഭാഷകർ വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അപേക്ഷ കോടതിയിലെത്തുന്നത്. പോലീസ് അതിക്രമത്തിൽ പോലീസുകാരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതിയെ ചുമതലപ്പെടുത്തിയിരുന്നുവെങ്കിലും അത് പര്യാപ്തമല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ഉന്നതരുടെ പങ്ക് അന്വേഷിക്കണമെന്നുമാണ് ഹരജിക്കാരന്റെ പ്രധാന വാദം.

അമിത് ഷായ്ക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, ഡൽഹി പോലീസ് കമ്മീഷണർ അനുരാഗ് കുമാർ, ഡൽഹി പോലീസിലെ സ്‌പെഷ്യൽ, ജോയിന്റ് കമ്മീഷണർമാർ, ആർ.എ.എഫ് ഐ.ജി സീമ ധുന്ധ്യ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് ഹരജിയിൽ വ്യക്തമാക്കുന്നു. കൂടാതെ, നിലവിലെ അന്വേഷണ സമിതി അധ്യക്ഷനായ ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡിക്ക് പകരം മുൻ ചീഫ് ജസ്റ്റിസുമാരായ ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായ് എന്നിവരിൽ ഒരാളെ അധ്യക്ഷനാക്കണമെന്നും ആവശ്യമുണ്ട്. ലിംഗനീതിയും നിയമപരമായ വൈദഗ്ധ്യവും ഉറപ്പാക്കുന്നതിനായി വിരമിച്ച ഒരു വനിതാ ഡി.ജി.പിയെയും മുൻ അറ്റോണി ജനറലിനെയും സമിതിയിൽ ഉൾപ്പെടുത്തണമെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.

Related Articles

- Advertisement -spot_img

Latest Articles