ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് അമിതവേഗതയിലെത്തിയ കാർ പാഞ്ഞുകയറി മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. റാലിയിൽ പങ്കെടുക്കുകയായിരുന്ന കുട്ടികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കളെ വെൺമണി പോലീസ് കസ്റ്റഡിയിലെടുത്തു.
പത്തനംതിട്ട ഇലവുംതിട്ട സ്വദേശി അനുദേവ്, വെൺമണി സ്വദേശി അനുരാജ്, മെഴുവേലി സ്വദേശി അബിൻ എന്നിവരാണ് പിടിയിലായത്. അപകടസമയത്ത് പ്രതികൾ മൂവരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്ത പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും വെൺമണി പോലീസ് വ്യക്തമാക്കി.



