തൊടുപുഴ: സമൂഹമാധ്യമത്തിലൂടെ മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തിൽ കടുത്ത വർഗീയ-വിദ്വേഷ പരാമർശം നടത്തിയ തൊടുപുഴ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ. വിജേഷിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നടവഴിയിൽ ഒരുക്കിയ പൂക്കളം ഒരു സ്ത്രീ അബദ്ധത്തിൽ തട്ടിപ്പോകുന്ന പഴയ സി.സി.ടി.വി ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഇയാൾ വർഗീയച്ചുവയുള്ള കുറിപ്പ് പോസ്റ്റ് ചെയ്തത്. മറ്റേതോ പ്രദേശത്തുനിന്നുള്ള ദൃശ്യങ്ങൾ മുൻനിർത്തി ഒരു നിർദ്ദിഷ്ട വിഭാഗത്തെ ലക്ഷ്യമിട്ട് അധിക്ഷേപിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംഭവം വിവാദമായതിനെയും പ്രതിഷേധങ്ങൾ ഉയർന്നതിനെയും തുടർന്ന് ഇയാൾ പോസ്റ്റ് പിൻവലിക്കുകയും വിശദീകരണവുമായി പുതിയ കുറിപ്പ് പങ്കുവെക്കുകയും ചെയ്തു.
ക്രമസമാധാന പാലനത്തിന് ചുക്കാൻ പിടിക്കേണ്ട ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് സമൂഹത്തിൽ സ്പർദ്ധ വളർത്തുന്ന ഇത്തരം പ്രതികരണങ്ങൾ ഉണ്ടായതിനെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്. വർഗീയ പരാമർശം നടത്തിയ എസ്.ഐക്കെതിരെ കർശന നിയമനടപടിയും വകുപ്പുതല അന്വേഷണവും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.



