സോഷ്യൽ മീഡിയയിലൂടെ വർഗീയ അധിക്ഷേപം: തൊടുപുഴ എസ്.ഐ വിജേഷിന് സസ്പെൻഷൻ

തൊടുപുഴ: സമൂഹമാധ്യമത്തിലൂടെ മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തിൽ കടുത്ത വർഗീയ-വിദ്വേഷ പരാമർശം നടത്തിയ തൊടുപുഴ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ. വിജേഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. മൂന്നാർ ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഇടുക്കി ജില്ലാ പോലീസ് മേധാവി നിർദേശം നൽകി. മുൻപും സമാനമായ രീതിയിൽ വിദ്വേഷ പോസ്റ്റുകൾ പങ്കുവെച്ചതിന് ഇയാൾക്കെതിരെ പോലീസ് നടപടിയെടുത്തിരുന്നു.

നടവഴിയിൽ ഒരുക്കിയ പൂക്കളം ഒരു സ്ത്രീ അബദ്ധത്തിൽ തട്ടിപ്പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് വിജേഷ് അങ്ങേയറ്റം വർഗീയച്ചുവയുള്ളതും അവഹേളനപരവുമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. മറ്റേതോ പ്രദേശത്തുനിന്നുള്ള പഴയ ദൃശ്യങ്ങൾ മുൻനിർത്തി മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ട് ഇയാൾ തെറ്റായ പ്രചാരണം നടത്തുകയായിരുന്നു. സംഭവം വിവാദമാവുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെ ഇയാൾ പോസ്റ്റ് പിൻവലിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ക്രമസമാധാന പാലന ചുമതലയുള്ള ഉദ്യോഗസ്ഥൻ സമൂഹത്തിൽ സ്പർദ്ധ വളർത്താൻ ശ്രമിച്ചതിനെതിരെ മുസ്ലിം യൂത്ത് ലീഗ് ഉന്നത പോലീസ് അധികാരികൾക്ക് പരാതി നൽകിയതിനും ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നതിനും പിന്നാലെയാണ് സസ്പെൻഷൻ നടപടി.

Related Articles

- Advertisement -spot_img

Latest Articles