‘വി. കുഞ്ഞികൃഷ്ണൻ ശത്രുവിന്റെ കയ്യിലെ കോടാലിയായി’: പയ്യന്നൂരിലെ കനത്ത തോൽവിയിൽ വിറളിപൂണ്ട് പിണറായി

കണ്ണൂർ: പയ്യന്നൂർ മണ്ഡലത്തിൽ സി.പി.എമ്മിനുണ്ടായ അപ്രതീക്ഷിത പരാജയത്തിന് കാരണം പാർട്ടിക്കുള്ളിൽ നിന്നുതന്നെയുണ്ടായ ശത്രുതാപരമായ നീക്കങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പയ്യന്നൂരിലും തളിപ്പറമ്പിലും സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1965-ൽ രൂപീകൃതമായത് മുതൽ 2021 വരെയുള്ള 15 തെരഞ്ഞെടുപ്പുകളിലും സി.പി.ഐ.എം മാത്രം വിജയിച്ച ചരിത്രമുള്ള പയ്യന്നൂരിൽ, ഇത്തവണ ജനങ്ങൾക്കിടയിൽ പാർട്ടിയെക്കുറിച്ച് അവമതിപ്പുണ്ടാക്കാൻ നേതൃതലത്തിൽ ഇരുന്നവർ തന്നെ ശ്രമിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി.

മുൻ നേതാവ് വി. കുഞ്ഞികൃഷ്ണൻ ശത്രുവിന്റെ കയ്യിലെ കോടാലിയായി മാറിയെന്ന് വിമർശിച്ച പിണറായി, നേതൃനിരയിലുള്ളവർ തന്നെ ശത്രുക്കളുമായി ചേർന്ന് പാർട്ടിയെ തകർക്കാൻ പ്രവർത്തിക്കുകയായിരുന്നുവെന്നും ആരോപിച്ചു. വഴിതെറ്റിപ്പോയവർ തെറ്റുകൾ തിരുത്തി വീണ്ടും പാർട്ടിയോടൊപ്പം അണിനിരക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കൂടാതെ, സംസ്ഥാനത്ത് അധികാരത്തിലെത്തിയ പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആർ.എസ്.എസ് വേദികളിൽ ചൊല്ലുന്ന അതേ ഈണത്തിൽ വന്ദേമാതരം ആലപിച്ചത് ഞെട്ടലുണ്ടാക്കുന്നതാണെന്നും, കഴിഞ്ഞ എൽ.ഡി.എഫ് ഭരണകാലത്ത് യു.ഡി.എഫ്-ബി.ജെ.പി സഖ്യം ഒരേ മനസ്സോടെയാണ് സർക്കാരിനെ ആക്രമിച്ചതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles