വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക നേരിടുന്ന നിർണ്ണായകമായ ആയുധ ക്ഷാമത്തെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർന്നുനൽകിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി ട്രംപ് ഭരണകൂടം. യു.എസ് സൈന്യത്തിന്റെ ജോയിന്റ് സ്റ്റാഫിലെ അമ്പതോളം വരുന്ന മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയും സിവിലിയൻ ജീവനക്കാരെയും നുണപരിശോധനയ്ക്ക് വിധേയരാക്കിയതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു.
ആഗസ്റ്റ് മാസത്തിലാണ് അന്വേഷണ സംഘം ഉദ്യോഗസ്ഥരോട് മാധ്യമപ്രവർത്തകർക്ക് രഹസ്യവിവരങ്ങൾ കൈമാറിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് ചോദ്യം ചെയ്തതും പരിശോധനയ്ക്ക് വിധേയരാക്കിയതും. അമേരിക്കൻ സൈന്യത്തിന്റെ പക്കലുള്ള ദീർഘദൂര മിസൈലുകൾ, പേട്രിയറ്റ് ഇന്റർസെപ്റ്ററുകൾ തുടങ്ങിയ അത്യാധുനിക ആയുധങ്ങളുടെ ശേഖരത്തിൽ വലിയ കുറവുണ്ടായിട്ടുണ്ടെന്ന വാർത്തകൾ പുറത്തുവന്നതിനെ തുടർന്നാണ് പെന്റഗൺ ഈ കടുത്ത നടപടിയിലേക്ക് കടന്നത്.സംഭവത്തെക്കുറിച്ച് പെന്റഗൺ വക്താവ് ഷോൺ പ്ലാർനെൽ പ്രതികരിച്ചു.
“ആഭ്യന്തര ജീവനക്കാരെയോ അന്വേഷണ വിഷയങ്ങളെയോ കുറിച്ച് വകുപ്പ് പരസ്യമായി പ്രതികരിക്കാറില്ല. എങ്കിലും, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോരുന്നത് അതീവ ഗൗരവത്തോടെ കാണുകയും ആവശ്യമായ അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്. രാജ്യ സുരക്ഷയ്ക്കും ലോകമെമ്പാടും സേവനമനുഷ്ഠിക്കുന്ന സൈനികരുടെ സുരക്ഷയ്ക്കും വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്” എന്ന് അദ്ദേഹം വ്യക്തമാക്കി.



