മുംബൈ: നവി മുംബൈയിലെ കാമോത്തിൽ മൂന്ന് വയസ്സുള്ള പെൺകുട്ടിയെ സ്കൂൾ ബസ് ഡ്രൈവർ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ 30 വയസ്സുകാരനായ ഡ്രൈവറെ കാമോത്ത് പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസിലുണ്ടായിരുന്ന മറ്റ് കുട്ടികളെല്ലാം അവരവരുടെ സ്റ്റോപ്പുകളിൽ ഇറങ്ങിയ ശേഷം തനിച്ചായ സമയത്താണ് പ്രതി കുഞ്ഞിനെ ഉപദ്രവിച്ചത്.
സ്കൂളിൽ നിന്നും വീട്ടിലെത്തിയ കുട്ടി വയറുവേദനയാണെന്ന് പറഞ്ഞ് കരഞ്ഞതോടെ സംശയം തോന്നിയ മാതാപിതാക്കൾ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. തുടർന്ന് രക്ഷിതാക്കൾ ഉടനടി കാമോത്ത് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെയും പോക്സോ (POCSO) നിയമത്തിലെയും കടുത്ത വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി ശനിയാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.



