ദമ്മാം: കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അംഗീകൃത മാസ്റ്റർ പ്ലാനിന് അനുസൃതമായി വിമാനത്താവളം വികസിപ്പിക്കുന്നതിനുള്ള സുപ്രധാനമായ രൂപരേഖാ കരാർ ഒപ്പുവെച്ചു. ദമ്മാം എയർപോർട്സ് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എൻജിനീയർ മുഹമ്മദ് അൽ-ഹസനിയും മിഡിൽ ഈസ്റ്റ് ആൻഡ് ഏഷ്യ ഡബ്ല്യു.എസ്.പി. പ്രസിഡന്റ് ഡീൻ മഗ്രെയ്ലുമാണ് കരാറിൽ ഒപ്പുവെച്ചത്.
കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിലെ പുതിയ നാഴികക്കല്ലാണ് കരാറെന്ന് സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അൽ-ഹസനി വ്യക്തമാക്കി. വിമാനത്താവളത്തിലെ സൗകര്യങ്ങൾ ഉയർത്തുന്നതിനും, യാത്രാശേഷി വർദ്ധിപ്പിക്കുന്നതിനും, യാത്രക്കാർക്ക് മികച്ച അനുഭവം ഉറപ്പാക്കുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആധുനിക സ്മാർട്ട് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാനും, ഭാവിയിലെ യാത്രാ-ചരക്ക് വർദ്ധനവുകളെ ഉൾക്കൊള്ളാനും, കിഴക്കൻ പ്രവിശ്യയെ ലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന അന്താരാഷ്ട്ര കവാടമായി വിമാനത്താവളത്തെ മാറ്റാനും ഇത് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യാത്രക്കാരുടെ ടെർമിനലുകൾ വിപുലീകരിക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കവാടങ്ങളും പ്രവേശന റോഡുകളും നവീകരിക്കുക എന്നിവ പദ്ധതിയുടെ പരിധിയിൽ വരുന്നു. ലഗേജ് കൈകാര്യം ചെയ്യുന്ന സംവിധാനങ്ങൾ, ഡിജിറ്റൽ സേവനങ്ങൾ, ടെർമിനൽ വേഫൈൻഡിങ് സിസ്റ്റങ്ങൾ എന്നിവ വികസിപ്പിച്ച് യാത്രാ നടപടികൾ കൂടുതൽ എളുപ്പമാക്കാനും യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
2030-ഓടെ വർഷത്തിൽ 1.93 കോടിയിലധികം യാത്രക്കാരെ സേവിക്കുകയാണ് മാസ്റ്റർ പ്ലാനിന്റെ ലക്ഷ്യം. ഭാവിയിലെ യാത്രാ ആവശ്യങ്ങൾക്കനുസരിച്ച് ശേഷി ഘട്ടങ്ങളായി പ്രതിവർഷം 3.2 കോടി യാത്രക്കാരായി ഉയർത്തുകയും ചെയ്യും.
വാർഷിക വ്യോമ ചരക്ക് ശേഷി 600,000 ടണ്ണിലധികം ആയി വർദ്ധിപ്പിക്കുക, മണിക്കൂറിൽ വിമാനങ്ങളുടെ പ്രവർത്തന ശേഷി 77 നീക്കങ്ങളായി ഉയർത്തുക എന്നിവയും ലക്ഷ്യമിടുന്നു. അടിസ്ഥാന സൗകര്യങ്ങൾ, റൺവേകൾ, ജനറൽ ഏവിയേഷൻ സൗകര്യങ്ങൾ എന്നിവയുടെ സമഗ്രമായ വിപുലീകരണത്തിലൂടെയാണ് ഇതെല്ലാം സാധ്യമാക്കുന്നത്.
വിമാനത്താവള ആവാസവ്യവസ്ഥയെ വികസിപ്പിക്കാനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനുമുള്ള ദമ്മാം എയർപോർട്സിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് കരാറെന്നും, ഇത് ഏവിയേഷൻ പ്രോഗ്രാമിന്റെയും സൗദി വിഷൻ 2030-ന്റെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വലിയ സംഭാവന നൽകുമെന്നും വിലയിരുത്തപ്പെടുന്നു.



