തലശ്ശേരി ഗേൾസ് ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി; തെരച്ചിൽ ഊർജിതം

തലശ്ശേരി: തലശ്ശേരി സർക്കാർ ഗേൾസ് ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ചൊവ്വാഴ്ച അർധരാത്രി 12 മണിക്കും ഒന്നിനും ഇടയിലാണ് പെൺകുട്ടികൾ സ്ഥാപനത്തിൽ നിന്ന് പുറത്തുകടന്നതെന്ന് അധികൃതർ അറിയിച്ചു. ദിയ മുകുന്ദൻ, റിത്തിന, ഭാവന, എൻ.കെ. വിസ്മയ എന്നിവരെയാണ് കാണാതായത്.

പെൺകുട്ടികൾ നാലുപേരും ഒരുമിച്ചാണ് പുറത്തുപോയത്. ഇവർ ചിൽഡ്രൻസ് ഹോമിൽ നിന്ന് പുറത്തേക്ക് കടക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. മുൻപ് സമാന രീതിയിൽ ചിൽഡ്രൻസ് ഹോമിൽ നിന്ന് ഇറങ്ങിപ്പോവുകയും പിന്നീട് പോലീസ് കണ്ടെത്തുകയും ചെയ്ത ഒരു പെൺകുട്ടിയുടെ നേതൃത്വത്തിലാണ് മറ്റ് മൂന്നുപേരും പോയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

പെൺകുട്ടികൾ പോയിരിക്കാൻ സാധ്യതയുള്ള സമീപപ്രദേശങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും പോലീസ് തെരച്ചിൽ നടത്തുന്നുണ്ട്. പെൺകുട്ടികളെക്കുറിച്ച് ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണെന്നും പോലീസ് വ്യക്തമാക്കി. കാണാതായവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തലശ്ശേരി പോലീസ് സ്റ്റേഷൻ നമ്പറുമായി (0490 2323352) അടിയന്തരമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

Related Articles

- Advertisement -spot_img

Latest Articles