പാർട്ടി മാറി മത്സരിക്കുന്ന ജനപ്രതിനിധികൾക്ക് വിലക്ക് ഏർപ്പെടുത്തണം: കപിൽ സിബലിന്റെ നിർദ്ദേശത്തിന് പിന്തുണയുമായി സി.ജെ.പി

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ ജയിച്ച ശേഷം പാർട്ടി മാറി കൂറുമാറുന്ന ജനപ്രതിനിധികളെ പൊതുപദവികൾ വഹിക്കുന്നതിൽ നിന്നും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കണമെന്ന പ്രമുഖ അഭിഭാഷകനും രാജ്യസഭ എം.പിയുമായ കപിൽ സിബലിന്റെ നിർദ്ദേശത്തിന് പിന്തുണയുമായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) രംഗത്ത്. കൂറുമാറ്റ നിരോധന നിയമം കൂടുതൽ കർശനമാക്കേണ്ടത് ജനാധിപത്യ സംരക്ഷണത്തിന് അത്യാവശ്യമാണെന്ന് പാർട്ടി വ്യക്തമാക്കി. കൊച്ചിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് ഭരണഘടനയുടെ പത്താം പട്ടിക ഭേദഗതി ചെയ്യണമെന്നും, ഒരു ചിഹ്നത്തിൽ ജയിച്ച് മറ്റ് പാർട്ടികളിലേക്ക് ചേക്കേറുന്ന എം.പിമാർക്കും എം.എൽ.എമാർക്കും 10 വർഷത്തെ വിലക്ക് ഏർപ്പെടുത്തണമെന്നും കപിൽ സിബൽ നിർദ്ദേശിച്ചത്.

ഇതിനോട് പ്രതികരിച്ച സി.ജെ.പി കോ-കൺവീനർ സൗരവ് ദാസ്, സിബലിന്റെ നിർദ്ദേശം സ്വാഗതാർഹമാണെന്ന് വ്യക്തമാക്കി. തങ്ങളുടെ പ്രകടനപത്രികയിൽ (ഡിമാൻഡ് ചാർട്ടർ) കൂറുമാറുന്ന ജനപ്രതിനിധികൾക്ക് 20 വർഷത്തെ വിലക്കാണ് ആവശ്യപ്പെട്ടിരുന്നതെന്നും, രാഷ്ട്രീയം പണത്തിന്റെയും ഏജൻസികളുടെയും സ്വാധീനത്തിൽ അട്ടിമറിക്കപ്പെടുന്നത് രാജ്യത്തോടുള്ള വഞ്ചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ പാർട്ടികളെ പിളർത്തുന്നതും വൻതുക വാഗ്ദാനം ചെയ്ത് ജനപ്രതിനിധികളെ വിലയ്‌ക്കെടുത്ത് സർക്കാരുകളെ താഴെയിറക്കുന്നതും ജനാധിപത്യ തത്വങ്ങളുടെ ലംഘനമാണ്. തങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഭരണകക്ഷികൾ കൂറുമാറ്റ നിരോധന നിയമത്തിലെ വിടവുകൾ ദുരുപയോഗം ചെയ്യുകയാണെന്നും, അതിന് അടിയന്തര പരിഹാരം കാണേണ്ടതുണ്ടെന്നും സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയും എക്സിലൂടെ ആവശ്യപ്പെട്ടു.

Related Articles

- Advertisement -spot_img

Latest Articles