ഡൽഹി വോട്ടർ പട്ടിക പരിഷ്കരണം: 47 ലക്ഷം പേരെ ഒഴിവാക്കിയ നടപടിക്കെതിരായ ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡൽഹി: ഡൽഹിയിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ഭാഗമായി 47 ലക്ഷത്തിലധികം പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടി ചോദ്യം ചെയ്തുള്ള ഹരജി കേസിൽ സുപ്രീം കോടതി അടിയന്തരമായി ഇടപെടുന്നു. വിഷയം തിങ്കളാഴ്ച (സെപ്റ്റംബർ 21) പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള മറ്റു ഹരജികൾക്കൊപ്പം ഇതിനും മുൻഗണന നൽകി വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തകരായ അഞ്ജലി ഭരദ്വാജ്, അമൃത ജോഹ്‌രി എന്നിവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വഴി സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ ഈ തീരുമാനം.

47 ലക്ഷത്തിലധികം വോട്ടർമാരെ കരട് പട്ടികയിൽ നിന്ന് നീക്കം ചെയ്തതിന് പുറമെ, പട്ടികയിലുള്ള മറ്റ് 33 ലക്ഷത്തോളം പേർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ നോട്ടീസ് അയച്ചവരുടെ വിവരങ്ങളോ നോട്ടീസിന് അടിസ്ഥാനമായ വിശ്വസനീയമായ കാരണങ്ങളോ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കാൻ കമ്മീഷൻ തയ്യാറായിട്ടില്ലെന്ന് അവർ കുറ്റപ്പെടുത്തി. ‘യുക്തിപരമായ പൊരുത്തക്കേടുകൾ’,’മാപ്പിംഗ് തടസ്സങ്ങൾ’ എന്നീ ആശയവിനിമയ മാനദണ്ഡങ്ങൾ നിർവചിക്കാതെയും യാതൊരു സുതാര്യതയുമില്ലാതെയുമാണ് നടപടിയെന്ന് പ്രശാന്ത് ഭൂഷൺ വാദിച്ചു.

ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കാനുള്ള വ്യക്തമായ സാഹചര്യം നൽകാതെയുള്ള ഈ നീക്കം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെയും വോട്ടവകാശത്തിന്റെയും ലംഘനമാണെന്ന് ഭരണഘടനയുടെ 32-ാം വകുപ്പ് പ്രകാരം ഫയൽ ചെയ്ത ഹരജി വ്യക്തമാക്കുന്നു. നോട്ടീസ് ലഭിച്ച വോട്ടർമാരുടെ പൂർണ വിവരങ്ങളും മാനദണ്ഡങ്ങളും പൊതുസമക്ഷം വെളിപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്നാണ് ഹരജിക്കാരുടെ പ്രധാന ആവശ്യം. .

Related Articles

- Advertisement -spot_img

Latest Articles