അഞ്ച് മിനിറ്റിൽ 80 ഇന്ത്യൻ ജീവനക്കാരെ പിരിച്ചുവിട്ട് അമേരിക്കൻ കമ്പനി. അറിയിച്ചത് ഗൂഗിൾ മീറ്റ് വഴി.

ന്യൂ ഡൽഹി: അമേരിക്കൻ ഡിജിറ്റൽ ബാങ്കിങ് സ്ഥാപനമായ ബ്ലൂവൈൻ ഇന്ത്യയിലെ കസ്റ്റമർ സപ്പോർട്ട് ടീമിലെ 80 ജീവനക്കാരെ മുഴുവനായും യാതൊരു മുൻകാല മുന്നറിയിപ്പുമില്ലാതെ വെറും അഞ്ച് മിനിറ്റ് കൊണ്ട് പിരിച്ചുവിട്ടു. വിദേശ കമ്പനികൾക്ക് വേണ്ടി ഇന്ത്യയിലെ ഓഫീസിൽ ( ഓഫ്‌ഷോർ) തൊഴിലെടുക്കുന്നവർ നേരിടുന്ന അതീവ ഗുരുതരമായ അരക്ഷിതാവസ്ഥയാണ് ഇതിലൂടെ വെളിച്ചത്തു വന്നത്.

ഓപ്പറേഷണൽ കാരണങ്ങൾ പറഞ്ഞ് ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടതിനു ശേഷമായിരുന്നു ക്രൂരമായ നടപടി. വൈകുന്നേരത്തെ ഷിഫ്റ്റ് ആരംഭിച്ച് മണിക്കൂറുകൾക്കകം മാനേജ്മെന്റ് ഒരു ഓൺലൈൻ മീറ്റ് വിളിച്ചുചേർക്കുകയും, ഇന്ത്യൻ ടീമിലെ മുഴുവൻ പേരെയും ഒറ്റയടിക്ക് പിരിച്ചുവിട്ടതായി അറിയിക്കുകയുമായിരുന്നു.

ജീവനക്കാരുടെ ഭാഗത്തുനിന്ന് പ്രതീക്ഷിച്ച റിസൾട്ട് ലഭിക്കുന്നില്ലെന്നാണ് സ്ഥാപനം കൂട്ടപ്പിരിച്ചുവിടലിന് പറയുന്ന ന്യായീകരണം. ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന റിമോട്ട്, ഓഫ്‌ഷോർ ജീവനക്കാരുടെ തൊഴിൽ സുരക്ഷയെക്കുറിച്ചുള്ള വലിയ ആശങ്കകളാണ് ഇത് ഉയർത്തുന്നത്.

ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ വിദേശ കമ്പനികൾക്കായി ജോലി ചെയ്യുന്ന വലിയൊരു ജനവിഭാഗമുണ്ട്. കുറഞ്ഞ ചെലവിൽ മികച്ച സേവനം ലഭ്യമാക്കാൻ വിദേശ സ്ഥാപനങ്ങൾ ഇന്ത്യയിലെ തൊഴിൽശക്തിയെ വ്യാപകമായി ആശ്രയിക്കുന്നുണ്ടെങ്കിലും, ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾ മേഖലയിലെ ഉദ്യോഗസ്ഥരെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളിയിടുകയാണ്. എപ്പോൾ വേണമെങ്കിലും തൊഴിൽ നഷ്ടപ്പെടാം എന്ന ഭയം കാരണം ജീവനക്കാർ അമിത ജോലിയും മാനസിക സമ്മർദ്ദവും സഹിച്ചാണ് പലപ്പോഴും ജോലി ചെയ്യുന്നത്. എന്നാൽ ഒരു ദിവസത്തെ നോട്ടീസ് പോലും നൽകാതെ, യാതൊരു തൊഴിൽ സുരക്ഷയും ഉറപ്പുനൽകാതെ കോർപ്പറേറ്റുകൾ തൊഴിലാളികളെ വലിച്ചെറിയുന്ന പ്രവണത കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. സാമ്പത്തിക മാന്ദ്യത്തിന്റെയോ മറ്റ് കോർപ്പറേറ്റ് താൽപ്പര്യങ്ങളുടെയോ പേരിൽ വിദേശ കമ്പനികൾ ഇത്തരം നടപടികൾ ആവർത്തിക്കുന്നത് ഇന്ത്യൻ തൊഴിൽ വിപണിയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

- Advertisement -spot_img

Latest Articles