മക്ക: സൗദി അറേബ്യയിലെ മക്കയിൽ കഅ്കിയ്യ പ്രദേശത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. വിവരമറിഞ്ഞ് നിമിഷങ്ങൾക്കകം സംഭവസ്ഥലത്തെത്തിയ സൗദി സിവിൽ ഡിഫൻസ് സേനാ വിഭാഗം കൃത്യമായ ഇടപെടലിലൂടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി അണച്ചു.
യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസിനാണ് പെട്ടെന്ന് തീപിടിച്ചതെങ്കിലും ഡ്രൈവറുടെയും സിവിൽ ഡിഫൻസ് യൂണിറ്റുകളുടെയും വേഗത്തിലുള്ള നടപടികൾ വൻ ദുരന്തം ഒഴിവാക്കി. അടിയന്തര സന്ദേശം ലഭിച്ചയുടൻ മക്കയിലെ സിവിൽ ഡിഫൻസ് അംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ ആർക്കും പരിക്കുകളോ മറ്റ് ആളപായങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബസിന് തീപിടിക്കാനുണ്ടായ സാങ്കേതിക കാരണം വ്യക്തമല്ല. സംഭവത്തിൽ സിവിൽ ഡിഫൻസും പ്രാദേശിക പോലീസും ചേർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



