സമഗ്ര പ്രവാസി നയം രൂപീകരിക്കുക: പ്രവാസി വെൽഫെയർ ഫോറം

തിരുവനന്തപുരം: കേരളീയ പ്രവാസി സമൂഹത്തെ കേവലം വിദേശനാണ്യത്തിന്റെ സ്രോതസ്സായി മാത്രം കാണാതെ, വികസന പങ്കാളികൾ, നിക്ഷേപകർ, വിദഗ്ധർ, ആഗോള രംഗത്ത് കേരളത്തിന്റെ പ്രതിനിധികൾ, സാംസ്കാരിക സംവേദകർ എന്നീ നിലകളിൽ കൂടി അംഗീകരിക്കുന്ന സമഗ്ര പ്രവാസി നയം രൂപീകരിച്ച് പ്രാവർത്തികമാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ജാബിർ വടക്കാങ്ങര ആവശ്യപ്പെട്ടു.

പ്രവാസി വെൽഫെയർ ഫോറം തിരുവനന്തപുരം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ പ്രവാസി സമൂഹത്തിന് കാര്യമായ പ്രയോജനം ലഭിക്കാത്ത ലോക കേരള സഭ പോലുള്ള പരിപാടികൾക്കായി ചെലവഴിക്കുന്ന തുക പ്രവാസികളുടെ ക്ഷേമ പദ്ധതികൾക്കായി വിനിയോഗിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിലെ തിരഞ്ഞെടുപ്പ് നടപടികൾ പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ജാബിർ വടക്കാങ്ങര, സംസ്ഥാന സമിതി അംഗം നിസാമുദ്ദീൻ കൊല്ലം എന്നിവർ നിയന്ത്രിച്ചു. വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഷ്റഫ് കല്ലറ, ജനറൽ സെക്രട്ടറി ആദിൽ അബ്ദുൽ റഹീം എന്നിവർ സമ്മേളനത്തിൽ ആശംസാ പ്രഭാഷണം നടത്തി.

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ (NBFC) മാനേജർ സുരേഷ് കെ.വി. പ്രതിനിധികൾക്കായി പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ള സംരംഭങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള വിവിധ മാർഗനിർദ്ദേശങ്ങൾ, പദ്ധതികൾ, സ്കീമുകൾ എന്നിവ വിശദീകരിച്ചു. പ്രതിനിധികളുടെ അന്വേഷണങ്ങൾക്കും അദ്ദേഹം മറുപടി നൽകി.

സമ്മേളനത്തിൽ പുതിയ ജില്ലാ ഭാരവാഹികളായി എം. കെ. ഷാജഹാൻ (പ്രസിഡന്റ്), നബീൽ നാസർ പാലോട് (സെക്രട്ടറി), അബ്ദുൽ ഗഫൂർ മംഗലപുരം (ട്രഷറർ), അബ്ദുൽ ഹഖ് (വൈസ് പ്രസിഡന്റ്), നസീർ ഞാറയിൽ കോണം (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

എം.കെ. ഷാജഹാൻ അദ്ധ്യക്ഷത നിർവഹിച്ചു. നൗഫർ ഞാറയിൽ കോണം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അബ്ദുൽ ഹഖ് സ്വാഗതവും നിയുക്ത സെക്രട്ടറി നബീൽ നാസർ പാലോട് കൃതജ്ഞതയും രേഖപ്പെടുത്തി.

Related Articles

- Advertisement -spot_img

Latest Articles