സിംഗപ്പൂർ: യു.എസ്-ഇസ്രായേൽ സമഗ്ര യുദ്ധം പശ്ചിമേഷ്യയിൽ ആരംഭിച്ച ശേഷം തിരിച്ചടി നേരിട്ട ആഗോള എണ്ണ വിതരണത്തിൽ സെപ്റ്റംബറിൽ വീണ്ടെടുപ്പ് രേഖപ്പെടുത്തിയതായി പ്രമുഖ വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയും യു.എ.ഇയും കയറ്റുമതി വർദ്ധിപ്പിച്ചതാണ് ഈ മുന്നേറ്റത്തിന് പ്രധാന കാരണം. മരീടൈം ഇന്റലിജൻസ് സ്ഥാപനമായ കെപ്ലറിലെ വിവരങ്ങൾ പ്രകാരം സെപ്റ്റംബറിൽ മേഖലയിൽ നിന്നുള്ള ക്രൂഡ് ഓയിൽ കയറ്റുമതി പ്രതിദിനം 1.28 കോടി ബാരലായി (12.8 million bpd) ഉയർന്നു. ഫെബ്രുവരിയിൽ യുദ്ധം ആരംഭിക്കുന്നതിന് മുമ്പുണ്ടായിരുന്ന പ്രതിദിന 1.88 കോടി ബാരൽ എന്ന ഉയർന്ന നിരക്കിൽ നിന്ന് ഇപ്പോഴും ഏറെ താഴെയാണെങ്കിലും, ഓഗസ്റ്റിനെ അപേക്ഷിച്ച് ശക്തമായ തിരിച്ചു വരവാണിത്.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ടതോടെ പ്രതിദിനം 74 ലക്ഷം ബാരൽ എണ്ണ ഈ പാതയിലൂടെ കടന്നുപോയിട്ടുണ്ട്. കിഴക്ക്-പടിഞ്ഞാറൻ പൈപ്പ് ലൈനിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് ചെങ്കടൽ തീരത്തെ യാൻബു (Yanbu) തുറമുഖം വഴിയുള്ള കയറ്റുമതി തടസ്സപ്പെട്ടിരുന്നെങ്കിലും, സൗദി അറേബ്യ ഓഗസ്റ്റിലെ 24.46 ലക്ഷം ബാരലിൽ നിന്ന് ഈ മാസം പ്രതിദിനം 54 ലക്ഷം ബാരൽ ആയി കയറ്റുമതി ഉയർത്താനുള്ള പാതയിലാണ്. വിതരണ പാതയിലെ തടസ്സങ്ങൾക്കിടയിലും ഏഷ്യൻ-യൂറോപ്യൻ വിപണികളിലേക്ക് ഘട്ടം ഘട്ടമായി എണ്ണ ഒഴുക്ക് പുനഃസ്ഥാപിക്കാൻ ഇത് സഹായിച്ചിട്ടുണ്ട്.



