കൊല്ലം: കിളികൊല്ലൂരിൽ പൂജ നടത്തിയ ശേഷം സ്വയം ചിതയൊരുക്കി ഒരാൾ ജീവനൊടുക്കി. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പറമ്പിൽ നിന്ന് ഉയർന്ന പുക കണ്ടതിനെ തുടർന്ന് ഓടിയെത്തിയ അയൽവാസികളാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവം നടന്ന പറമ്പിന്റെ ഉടമയായ ഹരിയെ ഇന്ന് രാവിലെ മുതൽ കാണാനില്ലായിരുന്നു.
പ്രദേശത്ത് പൂജാസാധനങ്ങൾ വില്പന നടത്തുന്ന കട നടത്തുന്ന ആളാണ് ഹരി. ഇന്ന് രാവിലെ മുതൽ ഇയാളുടെ കട തുറന്നിരുന്നില്ല. മരിച്ചയാൾ ഹരിയാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. മൃതദേഹത്തിന് സമീപത്തുനിന്ന് പൂജയ്ക്കായി ഉപയോഗിച്ച സാധനങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, പൂജകൾ നടത്തിയ ശേഷമാകാം ഇയാൾ സ്വയം ചിതയൊരുക്കി ജീവനൊടുക്കിയതെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.



