അമിത് ഷായ്ക്കെതിരായ പ്രതിഷേധ വീഡിയോ നീക്കിയത് ഓഫീസിന്റെ ആവശ്യപ്രകാരം; മന്ത്രി ഒ.ജെ. ജനീഷ്

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പേജിൽ നിന്ന് നീക്കം ചെയ്തത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമല്ലെന്ന് മന്ത്രിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ. ജനീഷ് വിശദീകരിച്ചു. സോഷ്യൽ മീഡിയ അഡ്മിൻ പാനൽ പോസ്റ്റ് ചെയ്ത വീഡിയോ, സംസ്ഥാന മന്ത്രി എന്ന പദവിയിലുള്ള തന്റെ പേജിൽ പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കാമെന്നതിനാൽ ഓഫീസിന്റെ നിർദ്ദേശപ്രകാരമാണ് പിൻവലിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര കമ്മിറ്റിയുടെ തീരുമാനപ്രകാരമായിരുന്നു അമിത് ഷായ്ക്കെതിരെ കൊല്ലത്ത് കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചത്. പൊതുപരിപാടികളുടെ തിരക്കിലായിരുന്നതിനാൽ പോസ്റ്റ് പിൻവലിച്ച കാര്യം ഉടനടി ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പ്രതിഷേധത്തിന്റെ പേരിൽ കേരളത്തിലെ മന്ത്രിമാർക്ക് നേരെ യുവമോർച്ച നടത്തുന്ന കരിങ്കൊടി സമരം രാഷ്ട്രീയ പാപ്പരത്തമാണെന്നും, പ്രതിഷേധം സംഘടിപ്പിച്ചത് അറിയാതെ ഉറങ്ങിപ്പോയ സി.പി.എമ്മും ഡി.വൈ.എഫ്.ഐയുമാണ് പോസ്റ്റ് പിൻവലിച്ചതിന്റെ പേരിൽ വിമർശനം ഉന്നയിക്കുന്നതെന്നും ജനീഷ് പരിഹസിച്ചു.

അതേസമയം, ശനിയാഴ്ച കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം വി.വി.ഐ.പി സുരക്ഷാ വലയം ലംഘിച്ച് അമിത് ഷായുടെ വാഹനവ്യൂഹത്തിന് 50 മീറ്റർ അടുത്തുവരെ പ്രതിഷേധക്കാർ എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് ബി.ജെ.പി ആരോപിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ബി.ബി. ഗോപകുമാർ പരാതി നൽകിയിട്ടുണ്ട്. കുണ്ടറ മുളവനയിൽ സംഘടിപ്പിച്ച ‘സഹ്കാർ സേ സമൃദ്ധി’ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അമിത് ഷായ്ക്കെതിരെ പ്രതിഷേധമുണ്ടായത്.

Related Articles

- Advertisement -spot_img

Latest Articles