പത്തനംതിട്ട: കോഴഞ്ചേരി മാരാമണിലെ റിസോർട്ടിൽ ട്രെയിനി റിസപ്ഷനിസ്റ്റായ ഇരുപതുകാരിയെ സുഹൃത്ത് കുത്തിക്കൊന്നു. കൊല്ലം കുളത്തൂപ്പുഴ സ്വദേശി ദിൽഷയാണ് (20) ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തും കീഴുക്കര സ്വദേശിയുമായ ജിത്തുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മാരാമണിലുള്ള റിസോർട്ടിലായിരുന്നു സംഭവം. ഈ മാസം 11-നാണ് ദിൽഷ ഈ റിസോർട്ടിൽ ട്രെയിനി റിസപ്ഷനിസ്റ്റായി ജോലിയിൽ പ്രവേശിച്ചത്. ഉച്ചയോടെ റിസോർട്ടിലെത്തിയ ജിത്തു, ദിൽഷയുമായി പുറത്തുനിന്നു സംസാരിക്കുകയായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. സംസാരത്തിനിടയിൽ പ്രകോപിതനായ ജിത്തു, കയ്യിൽ കരുതിയിരുന്ന മൂർച്ചയേറിയ കത്തി ഉപയോഗിച്ച് ദിൽഷയുടെ കഴുത്തിൽ നിരവധി തവണ കുത്തുകയായിരുന്നു.
കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ് വീണ ദിൽഷയെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ച് മരത്തിൽ കെട്ടിയിട്ട ശേഷം ആറന്മുള പോലീസിന് കൈമാറി. പ്രതിയെ വൈദ്യപരിശോധനയ്ക്കായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രണയനൈരാശ്യവും വ്യക്തിവൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.



