തിരഞ്ഞെടുപ്പിൽ ‘മാച്ച് ഫിക്സിംഗ്’: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും രാജിവെക്കണം – കോൺഗ്രസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും ചേർന്ന് രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ‘മാച്ച് ഫിക്സിംഗ്’ നടത്തുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തക സമിതി (CWC). ഇതിന് ഉത്തരവാദികളായ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജി വെക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഉടനടി പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നും കോൺഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വോട്ടർപ്പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (SIR) നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്നും വോട്ടർപ്പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി ആരോപിക്കപ്പെടുന്ന 13.3 കോടി വോട്ടർമാരുടെ പേരുകൾ തിരികെ ഉൾപ്പെടുത്തണമെന്നും കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടു.

ഡൽഹിയിലെ ഇന്ദിരാ ഭവനിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിലാണ് ഈ പ്രമേയം പാസാക്കിയത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലും (EVM) വോട്ടർപ്പട്ടികയിലും വലിയ രീതിയിലുള്ള തിരിമറിയാണ് നടക്കുന്നതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഈ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ പാർലമെന്റിലും കോടതിയിലും തെരുവിലും കടുത്ത പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ‘വോട്ട് ചോരണം’ തടയാനും രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനും പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ (INDIA) മുന്നണിയുടെ യോഗം വിളിച്ച് ഭാവി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും പാർട്ടി അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles