തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഭീതിയിലാഴ്ത്തി യൂണിവേഴ്സിറ്റി കോളജിന് മുന്നിലും പാളയം യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് സമീപത്തും വൻ സംഘർഷം. യൂത്ത് കോൺഗ്രസ് – എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷം തടയാൻ ശ്രമിച്ച പോലീസിന് നേരെയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരിഞ്ഞതോടെ പോലീസ് ലാത്തിച്ചാർജ്ജും ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. തുടർന്ന് പോലീസ് മെൻസ് ഹോസ്റ്റലിനുള്ളിൽ പ്രവേശിച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചു. സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവർത്തകനും പോലീസിനും പരിക്കേറ്റതായാണ് വിവരം.
മന്ത്രി ഒ.ജെ. ജെനീഷ്, ഷാഫി പറമ്പിൽ എം.പി എന്നിവർ നയിച്ച യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ മെൻസ് ഹോസ്റ്റലിന് മുന്നിൽ വെച്ച് കല്ലേറുണ്ടായതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ ടയർ കത്തിച്ച് പ്രതിഷേധിക്കുന്നതിനിടെ ഹോസ്റ്റലിൽ നിന്ന് കൂവുകയും തുടർന്ന് ബിയർ കുപ്പികളും കല്ലുകളും എറിയുകയായിരുന്നുവെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഇതിന് മറുപടിയായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കത്തുന്ന പന്തങ്ങൾ ഹോസ്റ്റൽ വളപ്പിലേക്ക് എറിഞ്ഞു. തുടർന്ന് ഇരുവിഭാഗവും ആക്രമണ പ്രത്യാക്രമണങ്ങളുമായി മുന്നോട്ടുപോയതോടെ നഗരത്തിൽ രൂക്ഷമായ കല്ലേറും കൈയാങ്കളിയും ഫ്ലെക്സുകൾ വലിച്ചുകീറലും നടന്നു.
അതേസമയം, സംഘർഷത്തിന് പ്രകോപനം സൃഷ്ടിച്ചത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി. കറന്റ് പോയ സമയത്ത് ഹോസ്റ്റലിനുള്ളിൽ നിന്ന് മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും എന്നാൽ മാർച്ച് കടന്നുപോയപ്പോൾ യൂത്ത് കോൺഗ്രസുകാർ അസഭ്യം പറയുകയും ഹോസ്റ്റലിനുള്ളിലേക്ക് ബിയർ കുപ്പികളും തീപ്പന്തങ്ങളും എറിയുകയായിരുന്നുവെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. ഹോസ്റ്റൽ വളപ്പിൽ വീണ പന്തങ്ങൾ വിദ്യാർത്ഥികൾ കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. തീയണക്കാൻ എത്തിയ ഫയർഫോഴ്സിനെയും പോലീസിനെയും വിദ്യാർത്ഥികൾ റോഡ് തടഞ്ഞ് അടിയന്തര നടപടികളിൽ നിന്ന് വിലക്കി. നിലവിൽ സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും തലസ്ഥാനത്ത് സംഘർഷാവസ്ഥ തുടരുകയാണ്.



