റിയാദ്: യമനിൽ ഔദ്യോഗിക ഭരണകൂട സ്ഥാപനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിക്കുകയും ഹൂതി മിലിഷ്യകളുടെ ഭീഷണി പൂർണ്ണമായി തുടച്ചുനീക്കുകയും ചെയ്യുന്നതുവരെ യമൻ സൈന്യത്തിനുള്ള വിപുലമായ പിന്തുണ തുടരുമെന്ന് അറബ് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. യമൻ സർക്കാറിനും ജനങ്ങൾക്കും നൽകുന്ന പിന്തുണ സഖ്യസേന തുടർന്നും ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി സൗദി പ്രസ് ഏജൻസി (SPA) റിപ്പോർട്ട് ചെയ്തു.
യമൻ ജനതയ്ക്ക് നേരെ ഹൂതികൾ നടത്തുന്ന അതിക്രമങ്ങൾ കടുത്ത ലംഘനമാണെന്ന് അൽ മാലികി കുറ്റപ്പെടുത്തി. ജനവാസ കേന്ദ്രങ്ങൾ ഉപരോധിക്കുക, ജനങ്ങളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുക, ഭക്ഷണ വിതരണം തടസ്സപ്പെടുത്തുക, രാജ്യത്തെ വിഭവങ്ങൾ കൊള്ളയടിച്ച് സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുക എന്നിവ ഹൂതികൾ തുടരുകയാണ്. കൂടാതെ ഗോത്ര നേതാക്കളെ ലക്ഷ്യമിടുക, സാമൂഹിക അന്തരീക്ഷം തകർക്കുക, സ്ത്രീകളെ ഭയപ്പെടുത്തുക, കുട്ടികളെ നിർബന്ധിതമായി സൈന്യത്തിൽ ചേർക്കുക തുടങ്ങിയ നടപടികളിലൂടെ യമൻ ജനതയുടെ ദുരിതം ഹൂതികൾ വർദ്ധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളെയും സഖ്യസേന വക്താവ് രൂക്ഷമായി വിമർശിച്ചു. മക്ക, മദീന എന്നീ വിശുദ്ധ നഗരങ്ങൾക്ക് പുറമെ റിയാദ്, അബ്ഹ, ഖമീസ് മുശൈത്, ജിസാൻ, നജ്റാൻ, താഇഫ്, യാംബു എന്നീ നഗരങ്ങളിലെ ജനവാസ മേഖലകൾക്ക് നേരെയും ആക്രമണ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. തെക്കൻ ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സൗദി കപ്പലുകൾക്ക് നേരെയും ആക്രമണ ശ്രമങ്ങൾ നടന്നു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഏത് തരത്തിലുള്ള സൈനിക നടപടികൾ സ്വീകരിക്കാനും സൗദി അറേബ്യയ്ക്ക് പൂർണ്ണ അവകാശമുണ്ടെന്ന് അൽ മാലികി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര വ്യാപാര പാതയായ ബാബ് അൽ മന്ദബിലെ കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നത് ആഗോള സാമ്പത്തിക ഭദ്രതയ്ക്ക് അത്യന്താപേക്ഷിതമാണെന്നും സഖ്യസേന വ്യക്തമാക്കി.



