കൊൽക്കത്ത: പാർട്ടി വിട്ടുപോയ മുൻ എം.പിമാർക്കും എം.എൽ.എമാർക്കും തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങിയെത്താൻ 15 ദിവസത്തെ കർശന സമയപരിധി (അന്ത്യശാസനം) നൽകി പാർട്ടി സുപ്രീമോ മമത ബാനർജി. നിശ്ചിത സമയത്തിനുള്ളിൽ പാർട്ടിയിലേക്ക് മടങ്ങിയെത്തിയില്ലെങ്കിൽ പിന്നീട് അവർക്കായി തൃണമൂൽ കോൺഗ്രസിന്റെ വാതിലുകൾ എന്നെന്നേക്കുമായി അടയുമെന്നും അവരെ തിരികെ സ്വീകരിക്കില്ലെന്നും മമത വ്യക്തമാക്കി. ഉത്തർ ദിനാജ്പൂരിൽ സംഘടിപ്പിച്ച റാലിയെ ഫോണിലൂടെ അഭിസംബോധന ചെയ്താണ് മമത ബാനർജി നിലപാട് വ്യക്തമാക്കിയത്.
പാർട്ടിയുടെ പിന്തുണയോടെ ജയിച്ചുകയറിയ ശേഷം വഞ്ചന കാട്ടിയ നേതാക്കൾക്ക് അർഹമായ സ്ഥാനമുണ്ടാകില്ലെന്ന് അവർ കൂട്ടിച്ചേർത്തു. പാർട്ടിയുടെ യഥാർത്ഥ കരുത്ത് ഏതാനും നേതാക്കളല്ലെന്നും മറിച്ച് അണികളും താഴെത്തട്ടിലുള്ള പ്രവർത്തകരുമാണെന്നും മമത ചൂണ്ടിക്കാട്ടി. 1998-ൽ തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച അതേ ആവേശത്തോടെ തന്നെ പ്രസ്ഥാനത്തെ കൂടുതൽ ശക്തമായി സംഘടിപ്പിക്കാൻ സാഹിചര്യമൊരുക്കുമെന്നും അവർ പറഞ്ഞു.
ഇതിനൊപ്പം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ബി.ജെ.പിക്കെതിരെയും മമത രൂക്ഷവിമർശനം ഉന്നയിച്ചു. ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി തുടരുന്നിടത്തോളം ബി.ജെ.പിക്ക് അനുകൂല നിലപാടുകൾ തുടരുമെന്ന് ആരോപിച്ച അവർ, ബി.ജെ.പിക്കെതിരെ ദേശീയതലത്തിൽ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ (INDIA) മുന്നണി ശക്തമാകണമെങ്കിൽ തൃണമൂൽ കോൺഗ്രസിന്റെ പങ്കാളിത്തം അനിവാര്യമാണെന്നും കൂട്ടിച്ചേർത്തു.



