ഗ്യാനേഷ് കുമാറിനെതിരായ ഹരജി: തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രത്തിനും സുപ്രീം കോടതി നോട്ടീസ്; സസ്പെൻഷനിൽ ഇടക്കാല ഉത്തരവില്ല

ന്യൂഡൽഹി: ഭൂരിപക്ഷ അഭിപ്രായം മറികടന്നും ഏകപക്ഷീയമായും തീരുമാനങ്ങളെടുത്തു എന്ന ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹരജിയിൽ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനും രണ്ട് കമ്മീഷണർമാർക്കും കേന്ദ്ര സർക്കാരിനും നോട്ടീസയച്ചു. എന്നാൽ മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രം പെട്ടെന്ന് ഇടക്കാല വിധി പുറപ്പെടുവിക്കാനാകില്ലെന്നും വിശദമായ വാദം കേട്ട ശേഷം തുടര്നടപടികളിലേക്ക് കടക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർ രേഖാമൂലം ഉന്നയിച്ച ഭിന്നഭിപ്രായങ്ങളും എതിർപ്പുകളും തള്ളിക്കളഞ്ഞ് ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയിൽ ഹരജി എത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങൾ നിയമപരമായി ഐക്യകണ്ഠേനയോ ഭൂരിപക്ഷാഭിപ്രായപ്രകാരമോ ആകണം. ഭരണഘടനാപരമായ ചട്ടങ്ങൾ ലംഘിച്ചാണ് കമ്മീഷൻ പ്രവർത്തിച്ചതെന്ന് തെളിഞ്ഞാൽ ആ തീരുമാനങ്ങൾ റദ്ദാക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് ബെഞ്ച് ഓർമ്മിപ്പിച്ചു.

കേസിൽ ഗ്യാനേഷ് കുമാറിനെ ഉടനടി സസ്പെൻഡ് ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളിൽ ഇടക്കാല സ്റ്റേ നൽകണമെന്നും ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരസിച്ചു. രാജ്യം തെരഞ്ഞെടുപ്പുകളിലേക്ക് കടക്കുന്ന സാഹചര്യത്തിൽ കമ്മീഷന്റെ പ്രവർത്തനം നിയമപ്രകാരം തുടരേണ്ടതുണ്ടെന്നും പത്ത് ദിവസത്തിനുള്ളിൽ വലിയ അപകടങ്ങളൊന്നും സംഭവിക്കില്ലെന്നും നിരീക്ഷിച്ച കോടതി, അടുത്ത ആഴ്ച കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി. അതേസമയം, ഭരണഘടനാ സ്ഥാപനങ്ങൾക്കുള്ളിൽ ഉണ്ടാകുന്ന സ്വാഭാവികമായ ആശയവിനിമയങ്ങളും ഭിന്നതകളും സർവ്വസാധാരണമാണെന്നും കമ്മീഷന്റെ ഉത്തരവുകൾ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് ഇറക്കിയിട്ടുള്ളതെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നല്കുന്ന വിശദീകരണം.

Related Articles

- Advertisement -spot_img

Latest Articles