വർഷങ്ങൾക്ക് ശേഷം ‘പ്രതിരോധത്തിൽ നിന്ന് ആക്രമണത്തിലേക്ക്’: യമൻ സൈന്യത്തിന്റേത് തന്ത്രപരമായ വൻ മുന്നേറ്റമെന്ന് പ്രതിരോധ വിദഗ്ധർ

ലണ്ടൻ/സനാ: യമനിലെ ഹൂതി വിമതരിൽ നിന്ന് തലസ്ഥാനമായ സനാ തിരിച്ചുപിടിക്കാൻ യമൻ സർക്കാർ സൈന്യം ആരംഭിച്ച സൈനിക നീക്കം പോരാട്ടക്കളത്തിൽ നിർണ്ണായക മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പ്രതിരോധ വിദഗ്ധർ. കഴിഞ്ഞ ഒരു മാസമായി ഹൂതി പോരാളികളുടെ വീര്യം ചോർത്താൻ യമൻ സൈന്യം സ്വീകരിച്ച തന്ത്രപരമായ നീക്കങ്ങൾ വലിയ വിജയമായിരുന്നുവെന്ന് ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈനിക അപഗ്രഥന വിദഗ്ധൻ ഇബ്രാഹിം ജലാൽ വ്യക്തമാക്കി. അൽ ജസീറയോടാണ് അദ്ദേഹം പുതിയ സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിച്ചത്.

യമൻ സൈന്യവും അനുബന്ധ സഖ്യസേനകളും ഒന്നിലധികം മുന്നണികളിലൂടെ ഘട്ടം ഘട്ടമായി ആക്രമണം വ്യാപിപ്പിച്ചാൽ വരും ദിവസങ്ങളിൽ ഹൂതി കേന്ദ്രങ്ങൾ ഒന്നൊന്നായി തകരുന്ന ‘ഡൊമിനോ പ്രഭാവത്തിന്’ (Domino effect) ഇത് വഴിവെക്കും. 2018-ന് ശേഷം ആദ്യമായാണ് യമൻ സർക്കാർ സൈന്യം പ്രതിരോധത്തിലൂന്നിയ പോരാട്ടത്തിൽ നിന്ന് മാറി പൂർണ്ണമായും ഹൂതികൾക്കെതിരെ ആക്രമണാത്മക ശൈലി കൈക്കൊള്ളുന്നത്. കഴിഞ്ഞ രണ്ട് മാസമായി യുദ്ധത്തിന്റെ സമയവും സ്ഥലവും ഹൂതികളാണ് നിശ്ചയിച്ചിരുന്നതെങ്കിൽ, ഇപ്പോൾ കൃത്യമായ ലക്ഷ്യങ്ങളോടെയാണ് യമൻ സർക്കാറിന്റെ തിരിച്ചടിയെന്ന് ഇബ്രാഹിം ജലാൽ ചൂണ്ടിക്കാട്ടി.

സനാ തിരിച്ചുപിടിക്കാനുള്ള സൈനിക നീക്കത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് കരുതുന്നത്. അതേസമയം, ഹൂതികളെ പൂർണ്ണമായി അമർച്ച ചെയ്യാനും യമന്റെ ഭൂപ്രദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേനയെ സഹായിക്കാൻ അന്താരാഷ്ട്ര സേനകൾ രംഗത്തിറങ്ങുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

Related Articles

- Advertisement -spot_img

Latest Articles