മസ്കറ്റ്: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ അക്രമണത്തെ തുടർന്ന് മുങ്ങിപ്പോയ ചരക്ക് കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ ഒമാൻ തീരത്തേക്ക് ഒഴുകിയെത്തുന്നതായി മുന്നറിയിപ്പ്. സമുദ്രത്തിൽ ചിതറിക്കിടക്കുന്ന കണ്ടെയ്നറുകളിൽ ‘അപകടകരമായ വസ്തുക്കൾ’ അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ കടലിൽ പോകുന്നവരും മൽസ്യത്തൊഴിലാളികളും ഇവയോട് അടുക്കരുതെന്നും ഒമാൻ മാരിറ്റൈം സെക്യൂരിറ്റി സെന്റർ ജാഗ്രതാ നിർദ്ദേശം നൽകി.
ചൊവ്വാഴ്ച ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കവേ ആക്രമണത്തിൽ കേടുപാടുകൾ സംഭവിക്കുകയും തുടർന്ന് തീപിടിക്കുകയും ചെയ്ത സിംഗപ്പൂർ പതാക ഘടിപ്പിച്ച ‘ജി.എഫ്.എസ് പ്രൈഡ്’ (GFS Pride) എന്ന കണ്ടെയ്നർ കപ്പലാണ് സമുദ്രത്തിൽ മുങ്ങിയത്. ഈ കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകളാണ് നിലവിൽ ഒമാൻ തീരപ്രദേശങ്ങളിൽ ഒഴുകിനടക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും സമുദ്ര സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.



