ഡൽഹിയിൽ ഇടത് വനിതാ സംഘടനകളുടെ പ്രതിഷേധം; പോലീസ് ആസ്ഥാനത്തിന് മുന്നിൽ റോഡ് ഉപരോധം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും, ഡൽഹിയിൽ പ്രതിഷേധിക്കുന്ന സ്ത്രീകൾക്ക് നേരെ പോലീസും കേന്ദ്രസേനയും നടത്തുന്ന അതിക്രമങ്ങൾക്കെതിരെയും രാജ്യതലസ്ഥാനത്ത് ശക്തമായ പ്രക്ഷോഭം. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA) അധ്യക്ഷ പി.കെ. ശ്രീമതിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് വനിതകളാണ് ഡൽഹിയിൽ വൻ ജനകീയ മുന്നേറ്റവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡൽഹി പോലീസ് ഹെഡ്ക്വാർട്ടേഴ്സിന് മുന്നിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചുകൊണ്ട് സമരം ആരംഭിച്ചു.

പൊലീസ് മേധാവികളെ മുൻകൂട്ടി വിവരം അറിയിച്ചിട്ടും ആരും സ്ഥലത്തുണ്ടാകില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥരെന്ന് സമരക്കാർ ആരോപിച്ചു. പ്രതിഷേധത്തിനെത്തുന്ന സ്ത്രീകൾക്ക് നേരെ മുൻപ് നടന്ന ക്രൂരമായ അക്രമങ്ങളിൽ പരാതി നൽകാനും മെമ്മോറാൻഡം സമർപ്പിക്കാനുമാണ് തങ്ങൾ എത്തിയതെന്ന് വനിതാ സംഘടനകൾ വ്യക്തമാക്കയിരുന്നു. എന്നാൽ ഇതറിഞ്ഞിട്ടും മുതിർന്ന പോലീസ് മേധാവികൾ ചർച്ചയ്ക്കോ പരാതി സ്വീകരിക്കാനോ തയ്യാറായില്ല. ഏതെങ്കിലും ഒരു കീഴുദ്യോഗസ്ഥന് നിവേദനം നൽകി മടങ്ങാനല്ല തങ്ങൾ വന്നതെന്ന് പി.കെ. ശ്രീമതി മാധ്യമങ്ങളോട് വ്യക്തമാക്കി.

സാധാരണയായി ഇത്തരം പ്രതിഷേധങ്ങൾ ഉണ്ടാകുമ്പോൾ മേലധികാരികൾ സ്ഥലത്തുണ്ടാകാറുള്ളതാണെന്നും, ആശങ്കയറിയിക്കാനെത്തുമെന്ന് മുൻകൂട്ടി അറിയിച്ചിട്ടും ഉദ്യോഗസ്ഥർ ഒളിച്ചോടുന്നത് സ്ത്രീകളുടെ സുരക്ഷയോടുള്ള വെല്ലുവിളിയാണെന്നും അവർ കുറ്റപ്പെടുത്തി. ഭീരുക്കളെപ്പോലെ പോലീസ് ആസ്ഥാനം അടച്ചിട്ട് ഒളിച്ചിരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, കമ്മീഷണർ നേരിട്ട് വന്ന് പരാതി സ്വീകരിക്കുന്നത് വരെ സമരം തുടരുമെന്നും പി.കെ. ശ്രീമതി മുന്നറിയിപ്പ് നൽകി.

 

Related Articles

- Advertisement -spot_img

Latest Articles