റിയാദ്: സഊദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ അതിർത്തി മേഖലയായ നജ്റാനിൽ സഊദി നാഷണൽ ഗാർഡിന്റെ നിരീക്ഷണ ഹെലികോപ്റ്റർ തകർന്നു വീണ് രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സാങ്കേതിക തകരാറിനെ തുടർന്ന് ‘AH-6i’ വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ് തകർന്നതെന്ന് യെമനിലെ സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി സ്ഥിരീകരിച്ചു. അപകടത്തിൽ വീരമൃത്യു വരിച്ച ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.
യെമനിലെ ഹൂതി മില്ലിഷിയയുടെ ഭാഗത്തുനിന്നുള്ള ആക്രമണ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ രാജ്യം കടുത്ത ജാഗ്രത തുടരവേയാണ് അപകടം നടന്നത്. ഞായറാഴ്ച ഖമീസ് മുഷൈത്തിലേക്ക് തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും റിയാദ് ലക്ഷ്യമാക്കി വന്ന ഡ്രോണും സഖ്യസേനയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തിരുന്നു. ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായി യെമനിലെ സഅദയിലെ ഹൂതി സൈനിക കേന്ദ്രങ്ങൾക്ക് നേരെയും ലോഞ്ചറുകൾക്ക് നേരെയും സഖ്യസേന തിരിച്ചടി തുടരുകയാണ്.



