കുദു–കേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: ആറാം വാരത്തിൽ കൊങ്കൺ ഫൈറ്റേഴ്സിനും ഫ്രൈഡേ ഫൈറ്റേഴ്സിനും സ്മാഷസ് സി.സിക്കും ജയം

റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുദു–കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ–2 സഫാ മക്കാ കപ്പിന്റെ ആറാം വാരത്തിൽ നടന്ന മത്സരങ്ങളിൽ കൊങ്കൺ ഫൈറ്റേഴ്സ് റിയാദ്, ഫ്രൈഡേ ഫൈറ്റേഴ്സ്, സ്മാഷസ് സി.സി. എന്നീ ടീമുകൾ വിജയം നേടി. ആവേശകരമായ ആദ്യ മത്സരത്തിൽ കൊങ്കൺ ഫൈറ്റേഴ്സ് റിയാദ് ആറ് വിക്കറ്റിന് സ്രാക്കോ സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത സ്രാക്കോ സ്ട്രൈക്കേഴ്സ് നിർദ്ദിഷ്ട ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് നേടിയപ്പോൾ, നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊങ്കൺ ഫൈറ്റേഴ്സ് ലക്ഷ്യത്തിലെത്തുകയായിരുന്നു. മികച്ച പ്രകടനം പുറത്തെടുത്ത അഫ്രോസ് വാഡ്കർ ആണ് മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

രണ്ടാം മത്സരത്തിൽ ഫ്രൈഡേ ഫൈറ്റേഴ്സ് അഞ്ച് വിക്കറ്റിനാണ് സ്ട്രൈക്കേഴ്സ് 11 റിയാദിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് 11 ഏഴ് വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് നേടിയപ്പോൾ, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഫ്രൈഡേ ഫൈറ്റേഴ്സ് വിജയം സ്വന്തമാക്കി. പ്രണവ് എ.കെ. കളിയിലെ താരമായി. മൂന്നാം മത്സരത്തിൽ ഏകപക്ഷീയമായ പ്രകടനത്തിലൂടെ സ്മാഷസ് സി.സി. ഒമ്പത് വിക്കറ്റിന് ഹോക്സ് സ്ക്വാഡിനെ കീഴടക്കി. ഹോക്സ് സ്ക്വാഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് എടുത്തപ്പോൾ, ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സ്മാഷസ് വിജയലക്ഷ്യം മറികടന്നു. ജിഷ്ണു മോഹനാണ് മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയത്.

മൃദുൻ, ചാക്കോ, ഷബി അബ്ദുൽസലാം, ലജീഷ്, മൻസൂർ, ഇസ്മായിൽ കൊടിഞ്ഞി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ചാക്കോ, സൻസീർ, ഷഫീഖ് മഞ്ചേരി എന്നിവർ മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ വിജയികൾക്ക് വിതരണം ചെയ്തു. ആകെ 24 ടീമുകൾ ആറ് ഗ്രൂപ്പുകളിലായി മാറ്റുരയ്ക്കുന്ന ടൂർണമെന്റിന്റെ ലീഗ് റൗണ്ട് മത്സരങ്ങൾ നവംബർ പകുതിയോടെ പൂർത്തിയാകും. തുടർന്ന് ടൂർണമെന്റിന്റെ സെമി ഫൈനൽ, ഫൈനൽ പോരാട്ടങ്ങൾ ഡിസംബറിൽ നടക്കും.

Related Articles

- Advertisement -spot_img

Latest Articles