തായിഫ്: സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സുമാരായ ജെയ്സി മോൾ മാത്യു, ജോബിന ജോണി എന്നിവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച പുലർച്ചെ നാട്ടിലെത്തിക്കും. ജിദ്ദയിൽ നിന്ന് ബഹ്റൈൻ വഴി ഗൾഫ് എയർ വിമാനത്തിലാണ് മൃതദേഹങ്ങൾ കൊച്ചിയിലെത്തിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് 4.40-ന് ജിദ്ദയിൽ നിന്ന് പുറപ്പെടുന്ന വിമാനം ബഹ്റൈൻ വഴി ചൊവ്വാഴ്ച പുലർച്ചെ 4.20-ഓടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യും. പ്രവാസി സമൂഹത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിന് ശേഷം നിയമനടപടികൾ പൂർത്തിയാക്കിയാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നത്.
ഈ മാസം മൂന്നിനുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് മലയാളികൾക്ക് പുറമെ രണ്ട് തമിഴ്നാട് സ്വദേശികളും ഒരു സൗദി പൗരനുമുൾപ്പെടെ ആകെ അഞ്ച് പേരാണ് മരിച്ചത്. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിനി ദേവമ്മ ഹെപ്സിബ (33), ചെന്നൈ സ്വദേശിനി വിജയലക്ഷ്മി എന്നിവരാണ് മരിച്ച മറ്റ് നഴ്സുമാർ. വാഹനം ഓടിച്ചിരുന്ന സൗദി പൗരനാണ് മരിച്ച അഞ്ചാമത്തെയാൾ. മക്കയിലെ അൽ ഗഫയിലുള്ള സൗദി സർക്കാർ ഡിസ്പെൻസറികളിൽ നഴ്സുമാരായി സേവനം അനുഷ്ഠിച്ചു വരികയായിരുന്ന നാല് പേരും വാരാന്ത്യ അവധി ദിനത്തിൽ പർച്ചേസിംഗിനായി റാനിയ ടൗണിലേക്ക് വരുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്.



