തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെയും മുന്നണിയിലെയും ഗ്രൂപ്പ് പോരും ഭിന്നതകളും മറനീക്കി പുറത്ത് കൊണ്ടുവന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് കടുത്ത വിമർശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുകച്ചുപുറത്തുചാടിച്ചത് പോലെ, തന്നെയും യു.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് ഒറ്റപ്പെടുത്തി പുറത്താക്കാൻ കൃത്യമായ ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായി അദ്ദേഹം ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു. ഇതിന് പിന്നിൽ ഒരു ഉപജാപക സംഘം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വിമാനയാത്രകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ജനങ്ങൾക്ക് യാതൊരുവിധ സംശയങ്ങൾക്കും ഇടനൽകരുതെന്ന് അടൂർ പ്രകാശ് വ്യക്തിപരമായി അഭിപ്രായപ്പെട്ടു. ജനങ്ങൾ ചോദിക്കുമ്പോൾ താൻ ഇന്ന ആവശ്യത്തിനാണ് ഇന്ന ആളിനൊപ്പം പോയതെന്ന് തുറന്നുപറയാനുള്ള ചങ്കൂറ്റം ഉണ്ടാകണം. ഡൽഹിയിലെ സംസ്ഥാനത്തിന്റെ പ്രതിനിധിയെയും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനെയും നിയമിച്ചുകൊണ്ട് കാബിനറ്റ് എടുത്ത സുപ്രധാന തീരുമാനങ്ങൾ അതേ ദിവസം തന്നെ ഒരേ വേദിയിലുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി തന്നോട് പറഞ്ഞിട്ടില്ലെന്നും, പിറ്റേ ദിവസത്തെ പത്രവാർത്തകളിലൂടെയാണ് ആ വിവരങ്ങൾ അറിഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി. യു.ഡി.എഫ് കൺവീനർ എന്ന നിലയിൽ സർക്കാരിന്റെ എല്ലാ രഹസ്യങ്ങളും അറിയണമെന്ന് വാശിയില്ലെങ്കിലും, പരസ്പരം അറിയിക്കേണ്ട സാമാന്യബോധമെങ്കിലും ഉണ്ടാകേണ്ടതുണ്ടെന്നും മാധ്യമങ്ങൾ ചോദിച്ചപ്പോൾ സത്യം തുറന്നുപറയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിക്കുള്ളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും സുപ്രധാന തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്നും അടൂർ പ്രകാശ് സ്ഥിരീകരിച്ചു. ഖാർഗെ ആ പരാതി പരിശോധിച്ച് നടപടികൾക്കായി ബന്ധപ്പെട്ടവർക്ക് കൈമാറിയിട്ടുണ്ട്. ഈ വിഷയത്തിന്റെ പകർപ്പ് രാഹുൽ ഗാന്ധിക്കും നൽകിയിട്ടുണ്ടെങ്കിലും ഡൽഹിയിലെ സമരത്തിനിടയിൽ കേരളത്തിലെ വിഷയം ഉന്നയിക്കാൻ ഇത് തക്കതായ സമയമല്ലെന്ന് കരുതിയാണ് രാഹുലിനോട് നേരിട്ട് സംസാരിക്കാതിരുന്നത്. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ഈ വിഷയം ചർച്ച ചെയ്തിട്ടില്ലെങ്കിലും കേരളത്തിലെ കാര്യങ്ങൾ അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്.
തനിക്കെതിരെയുള്ള നീക്കങ്ങൾക്ക് പിന്നിൽ വി.ഡി. സതീശന്റെ അറിവുണ്ടോ എന്ന സംശയവും അദ്ദേഹം പങ്കുവെച്ചു. തന്റെ അറിവിലാണ് കൺവീനർ പദവിയിലേക്ക് എത്തിയതെങ്കിലും നിലവിലെ പെരുമാറ്റങ്ങൾ കാണുമ്പോൾ അത്തരം സംശയങ്ങൾ സ്വാഭാവികമാണ്. പാർട്ടി വേദികളിൽ പറയാൻ അവസരമില്ലാത്തതുകൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യങ്ങൾ തുറന്നപറയേണ്ടി വന്നത്. സർക്കാരിന്റെ തെറ്റായ നടപടികളെയും സി.പി.ഐ.എം – ബി.ജെ.പി കൂട്ടുകെട്ടുകളെയും തുറന്നുകാട്ടാനാണ് അന്ന് വാർത്താസമ്മേളനം വിളിച്ചതെന്നും, മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് മറ്റ് കാര്യങ്ങൾ പുറത്തുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റ് കണ്ടാല് മുഖം നോക്കാതെ വിളിച്ചുപറയാനുള്ള ആർജ്ജവം തനിക്കെപ്പോഴുമുണ്ടെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.



