ഹോർട്ടി വൈൻ ലൈസൻസ് വിവാദം: തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് എക്സൈസ് കമ്മീഷണർ

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ച ഹോർട്ടി വൈൻ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് തന്റെ ഭാഗത്തുനിന്ന് ചട്ടപരമായ വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്ന് എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവു എക്സൈസ് മന്ത്രി എം. ലിജുവിന് വിശദീകരണം നൽകി. തന്നെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിച്ചാണ് സ്ഥലം മാറ്റപ്പെട്ട ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽ കുമാർ ഈ തീരുമാനം നടപ്പിലാക്കിയതെന്ന് കമ്മീഷണർ മന്ത്രിയെ അറിയിച്ചു. കമ്മീഷണറുടെ വിശദീകരണം തൃപ്തികരമാണെന്ന് കണ്ടതിനെത്തുടർന്നാണ് അദ്ദേഹത്തിനെതിരെ അടിയന്തര നടപടികളിലേക്ക് കടക്കാതിരുന്നത്.

എക്സൈസ് കമ്മീഷണറായി ചുമതലയേറ്റ് വെറും രണ്ടാമത്തെ ദിവസമാണ് ഡെപ്യൂട്ടി കമ്മീഷണർ ഈ ഫയലുമായി തന്നെ സമീപിച്ചതെന്നും, സാങ്കേതിക വശങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് അന്ന് അനുമതി നൽകിയതെന്നും സാംബശിവ റാവു വിശദീകരിച്ചു. ഡെപ്യൂട്ടി കമ്മീഷണറുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഇടപെടലുകളിൽ ദുരൂഹതയുണ്ടെന്നും കമ്മീഷണർ മന്ത്രിക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മദ്യനയവുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശം ആഗസ്റിലാണ് കമ്മീഷണറേറ്റിൽ ലഭിച്ചതെങ്കിലും, വൈൻ ലൈസൻസുമായി ബന്ധപ്പെട്ട തീരുമാനം ജൂൺ മാസത്തിൽ തന്നെ എടുത്തതാണെന്നും, അത് വിവാദങ്ങൾക്കും പുതിയ മദ്യനയ ചർച്ചകൾക്കും മുൻപുള്ള ഉത്തരവുകളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമപരമായി മാത്രമാണ് താൻ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം ആവർത്തിച്ചു.

അതേസമയം, ചാലക്കുടിയിലെ എം.ആർ.സി സ്റ്റോർസ് ആൻഡ് ബേക്കറിക്ക് ഹോർട്ടി വൈൻ വിൽക്കാൻ നൽകിയ ലൈസൻസ് എക്സൈസ് വകുപ്പ് ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. പുതിയ മദ്യനയം വരുന്നത് വരെ ഹോർട്ടി വൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ തുടർ നടപടികളും നിർത്തിവെക്കാൻ എക്സൈസ് മന്ത്രി എം. ലിജു കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മാളുകളിലും ബേക്കറികളിലും വൈൻ വിൽപ്പന നടക്കുന്നില്ലെന്ന് കമ്മീഷണർ നേരിട്ട് ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

ബേക്കറികൾ വഴി വൈൻ വിൽക്കുന്നത് സമൂഹത്തിന് ദോഷകരമായി ബാധിക്കുമെന്നും, നിലവിലെ സർക്കാരിന്റെ മദ്യനയ ചർച്ചകൾ നടന്നു വരുന്ന സാഹചര്യത്തിൽ ഇത്തരമൊരു തീരുമാനം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ ചട്ടഭേദഗതികൾ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ ഈ അനുമതി നൽകിയത്. എന്നാൽ വകുപ്പ് മന്ത്രിയെ അറിയിക്കാതെ ഇത്തരം തീരുമാനങ്ങൾ എടുത്തതാണ് വിവാദങ്ങൾക്ക് കാരണമായത്. ബേക്കറി വഴിയുള്ള വൈൻ വിൽപന സർക്കാരിന്റെ പൊതുനിലപാടല്ലെന്നും, നിലവിലുള്ള ചട്ടങ്ങളിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് മദ്യനയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി എം. ലിജു വ്യക്തമാക്കി. ഉത്തരവിനു പിന്നിൽ പ്രവർത്തിച്ച അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ നേരത്തെ തന്നെ തൽസ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles