മുനമ്പം ഭൂമി സഭയ്ക്ക് തീറെഴുതാൻ ശ്രമം: വഖഫ് കമ്മറ്റി വിഷയത്തിൽ രൂക്ഷവിമർശനവുമായി ഒ.എം. തരുവണ

കോഴിക്കോട്: യുഡിഎഫ് സംവിധാനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും കടുത്ത വാശിയുടെയും രാഷ്ട്രീയ ലക്ഷ്യങ്ങളുടെയും പുറത്താണ് പ്രവർത്തിക്കുന്നതെന്ന് പ്രമുഖ എഴുത്തുകാരൻ ഒ.എം. തരുവണ. ഫേസ്ബുക്കിൽ പങ്കുവെച്ച രാഷ്ട്രീയ വിശകലന കുറിപ്പിലാണ് അദ്ദേഹം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാൽ അത് നടപ്പിലാക്കാൻ എന്തു നഷ്ടവും സഹിക്കാൻ തയ്യാറാകുന്ന രണ്ട് വാശിക്കാരാണ് ഇരുവരുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.

പുതിയ വഖ്‌ഫ് ബോർഡ് പുനസ്സംഘടന രണ്ട് നേതാക്കളുടെയും അജണ്ടകളുടെ ഭാഗമായാണെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. പുറമെ സൗഹൃദത്തോടെ പെരുമാറുകയും വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുമെങ്കിലും സതീശൻ താൻ എടുത്ത തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്ന വാശികാരനാണെന്നാണ് തരുവണയുടെ ഭാഷ്യം. മുനമ്പം ഭൂമി വഖ്ഫ് അല്ലെന്ന നിലപാടും സഭാ നേതൃത്വത്തിന് നൽകിയ വാക്കുമാണ് പുതിയ വഖ്‌ഫ് ബോർഡ് പുനസ്സംഘടനയ്ക്ക് പിന്നിലെ യഥാർത്ഥ ഗൂഢോദ്ദേശ്യമെന്നും അദ്ദേഹം ആരോപിക്കുന്നു.

സുന്നി സംഘടനകളിലെ സമവായ നീക്കങ്ങളെയും പാർട്ടിയുടെ ഇടപെടലുകളെയും കുറിപ്പിൽ വിമർശിക്കുന്നുണ്ട്. സമസ്തയിലെ ലീഗ് വിരുദ്ധർക്ക് പണി കൊടുക്കാനാണ് പുനസ്സംഘടനയെന്ന സംശയം പ്രകടിപ്പിക്കുന്നതോടൊപ്പം, തങ്ങളുടെ സ്വന്തം നോമിനിയെ ഉൾപ്പെടുത്തി സമസ്തയെ വരുതിയിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സതീശന് മുനമ്പം ഭൂമി സഭയ്ക്ക് തീറെഴുതിക്കൊടുക്കണം, സാദിഖലി തങ്ങൾക്ക് സമസ്തയിലെ പാർട്ടി വിരുദ്ധരെ ഒതുക്കണം – രണ്ട് വാശികളും ഇവിടെ നടപ്പിലാക്കപ്പെടുകയാണെന്ന് അദ്ദേഹം പരിഹസിക്കുന്നു.

മൂന്നരപ്പതിറ്റാണ്ടുകാലമായി മുസ്‌ലിം ലീഗും യുഡിഎഫും സുന്നികളെ തഴയുകയും ദ്രോഹിക്കുകയും ചെയ്യുകയാണെന്നും, വഖ്‌ഫ് ബോർഡിൽ നിന്ന് മാറ്റിനിർത്തിയാൽ തീരുന്നതല്ല സമസ്തയെന്ന യാഥാർത്ഥ്യം കാലം തെളിയിക്കുമെന്ന ശക്തമായ മുന്നറിയിപ്പോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

https://www.facebook.com/share/p/14pbSanNWZc/?mibextid=wwXIfr

Related Articles

- Advertisement -spot_img

Latest Articles