ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെ ആൾക്കൂട്ടം തല്ലിക്കൊന്നു

ലക്നൗ: ഉത്തർപ്രദേശിൽ പ്രമുഖ ഹിന്ദി ദിനപത്രമായ ‘ദൈനിക് ജൻവാനി’യുടെ ബ്യൂറോ ചീഫ് മുഹമ്മദ് നസീം അഹമ്മദ് (60) ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടു. വരാനിരിക്കുന്ന ദീപാവലി പ്രത്യേക പതിപ്പിലേക്ക് പരസ്യം ചോദിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. ഹാപ്പൂർ ദേഹത് പോലീസ് സ്റ്റേഷൻ പരിധിയിലെ ജരോത്തി റോഡിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

പത്രത്തിലേക്ക് പരസ്യം ശേഖരിക്കുന്നതിന്റെ ഭാഗമായി സഹപ്രവർത്തകർക്കൊപ്പം പ്രദേശത്തെ ഒരു മാവ് മിൽ ഉടമയായ അശോക് കുമാറിനെ സമീപിച്ചതായിരുന്നു നസീം അഹമ്മദ്. എന്നാൽ പരസ്യം നൽകാൻ വ്യവസായി വിസമ്മതിക്കുകയും, അവിടെ നിന്ന് മടങ്ങാൻ തുടങ്ങിയ മാധ്യമപ്രവർത്തകരെ ‘വ്യാജ പത്രപ്രവർത്തകർ’ എന്ന് വിളിച്ച് പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തു. ഇതിന് പിന്നാലെ എട്ടോളം വരുന്ന സംഘം നസീമിനെയും കൂടെയുണ്ടായിരുന്നവരെയും വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ നസീം അഹമ്മദ് സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു.

സംഭവത്തിൽ കേസെടുത്ത ഹാപ്പൂർ പോലീസ് നിലവിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശ്ത്ത് ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. മുതിർന്ന മാധ്യമപ്രവർത്തകന്റെ ദാരുണമായ കൊലപാതകത്തിൽ വിവിധ മാധ്യമപ്രവർത്തക സംഘടനകൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Related Articles

- Advertisement -spot_img

Latest Articles