ഗുവാഹത്തി: അസമിൽ വനഭൂമി കൈയേറിയെന്നാരോപിച്ച് ബി.ജെ.പി സർക്കാരിന്റെ നേതൃത്വത്തിൽ വ്യാപക ഒഴിപ്പിക്കൽ നടപടി. രണ്ട് ദിവസങ്ങളിലായി നടന്ന നടപടിയിൽ പത്ത് പള്ളികളും 1,100-ഓളം ബംഗാളി മുസ്ലിം കുടുംബങ്ങളുടെ വീടുകളും തകർത്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നാഗോൺ, ഗോലാഘട്ട്, ഹോജായ് എന്നീ ജില്ലകളിലാണ് കനത്ത സുരക്ഷാ സന്നാഹങ്ങളോടെ ഭരണകൂടം ബുൾഡോസർ രാജ് നടപ്പിലാക്കിയത്. ഒഴിപ്പിക്കലിന് ഇരയായ കുടുംബങ്ങൾ പൂർണ്ണമായും തെരുവിലായ അവസ്ഥയിലാണ്.
നടപടിയുടെ ആദ്യ ദിവസമായ ശനിയാഴ്ച മൂന്ന് ജില്ലകളിലുമായി 547 കുടുംബങ്ങളെയാണ് കുടിയൊഴിപ്പിച്ചത്. നാഗോണിൽ 336, ഹോജായിൽ 152, ഗോലാഘട്ടിൽ 59 എന്നിങ്ങനെയാണ് ആദ്യ ദിവസത്തെ കണക്കുകൾ. തുടർന്ന് ഞായറാഴ്ച നാഗോൺ ജില്ലയിലെ ലുതുമാരി ലോങ്ജപ് റിസർവ് വനമേഖലയിൽ 600-ലധികം മുസ്ലിം കുടുംബങ്ങളുടെ വീടുകൾ കൂടി അധികൃതർ തകർത്തു. റിസർവ് വനത്തിനുള്ളിലെ 300 ഹെക്ടറിലധികം വരുന്ന ഭൂമിയിലാണ് തലമുറകളായി ഈ കുടുംബങ്ങൾ താമസിച്ച് വന്നിരുന്നത്. അതിനിടെ, ഈ ഒഴിപ്പിക്കലിലൂടെ സർക്കാർ തകർത്ത പള്ളികളിൽ പലതും 60 വർഷത്തിലേറെ പഴക്കമുള്ളതാണെന്ന് വാർത്താ പോർട്ടലായ ‘സ്ക്രോൾ’ റിപ്പോർട്ട് ചെയ്തു.
തങ്ങൾ നിയമവിരുദ്ധമായി ഭൂമി കൈയേറിയവരാണെന്ന സർക്കാരിന്റെ വാദം പ്രദേശവാസികൾ പൂർണ്ണമായും തള്ളി. പണ്ട് വനം വകുപ്പിൽ തൊഴിലാളികളായി ജോലി ചെയ്തിരുന്ന തങ്ങളെ സർക്കാർ തന്നെയാണ് ഇവിടെ കുടിയേറിപ്പാർപ്പിച്ചതെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. 1974-ൽ തൊട്ടടുത്തുള്ള ജുറിയ ടൗണിൽ നിന്നുള്ള ഭൂരഹിതരായ തങ്ങളുടെ മുൻഗാമികൾക്ക് സർക്കാർ നാല് ബിഘ വീതം ഭൂമി നൽകി താമസിപ്പിക്കുകയായിരുന്നുവെന്ന് വീട് നഷ്ടപ്പെട്ട പ്രദേശവാസി വെളിപ്പെടുത്തി. ബ്രിട്ടീഷ് കൊളോണിയൽ കാലത്തെ ‘ടോങ്യ’ (Taungya) വനപരിപാലന സമ്പ്രദായപ്രകാരം വനസംരക്ഷണത്തിനായി കുടിയേറിപ്പാർപ്പിച്ച ഈ ഗ്രാമീണരെ സാധാരണ കൈയേറ്റക്കാരായി കാണരുതെന്നും, ഒഴിപ്പിക്കൽ നടപടികൾ ഉടനടി നിർത്തിവെക്കണമെന്നും ഓൾ ഇന്ത്യ യൂണിയൻ ഓഫ് ഫോറസ്റ്റ് വർക്കിംഗ് പീപ്പിൾ കഴിഞ്ഞ ജൂണിൽ അസം സർക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് വകവെക്കാതെയാണ് അധികൃതർ വൻതോതിലുള്ള ഒഴിപ്പിക്കലുമായി മുന്നോട്ടുപോയത്.



