ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ തെക്കുഭാഗത്തുള്ള നിരോധിത മേഖലയിലൂടെ കടന്നുപോകാൻ ശ്രമിച്ച നാല് എണ്ണക്കപ്പലുകൾ കടൽമൈനുകളിൽ പതിച്ച് തകരുകയും തീയണയ്ക്കാനാവാത്തവിധം കത്തുകയും ചെയ്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). മേഖലയിൽ നിയമവിരുദ്ധമായി പ്രവേശിച്ച രണ്ട് കപ്പലുകളെ തങ്ങളുടെ നാവികസേന തടഞ്ഞുവെച്ചതായും അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീം റിപ്പോർട്ട് ചെയ്തു.
ഇതിനുപുറമെ, പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെ 4:30-ഓടെ (01:00 GMT) ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറക്കുകയായിരുന്ന അമേരിക്കയുടെ ‘MQ-9’ ഡ്രോൺ തങ്ങളുടെ എയറോസ്പേസ് ഫോഴ്സ് വിജയകരമായി വെടിവെച്ചിട്ടതായും ഐ.ആർ.ജി.സി അവകാശപ്പെട്ടു. എന്നാൽ കപ്പലുകൾ തകർന്നതിനെക്കുറിച്ചോ ഡ്രോൺ വെടിവെച്ചിട്ടതിനെക്കുറിച്ചോ സ്വതന്ത്ര ഏജൻസികളോ അമേരിക്കൻ സൈന്യമോ ഉടനടി സ്ഥിരീകരണം നൽകിയിട്ടില്ല.
നേരത്തെയും ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ മൈനുകളിൽ പതിച്ച് അപകടത്തിൽപ്പെട്ടതായി ഐ.ആർ.ജി.സി സമാനമായ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം തുടരുന്നതിനിടയിൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ സുഗമമായ ഗതാഗതം തടസ്സപ്പെടുന്നത് ആഗോള എണ്ണവിപണിയിൽ കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.



