തിരുവനന്തപുരം: നെടുമങ്ങാട് മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ പരാതിയിൽ അറസ്റ്റിലായ ഡോക്ടർ എൻ.കെ. ബിനുവിനെ സസ്പെൻഡ് ചെയ്തു. കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശന വകുപ്പുതല നടപടികൾ ആരംഭിച്ചത്. പിജി വിദ്യാർത്ഥിനിയുടെ പരാതിയിൽ കേസെടുത്ത നെടുമങ്ങാട് പൊലീസ്, ഇന്നലെ രാത്രി കുമാരപുരത്തെ വീട്ടിൽ നിന്നാണ് ഡോ. എൻ.കെ. ബിനുവിനെ കസ്റ്റഡിയിലെടുത്തത്.
ഒ.പി. ഡ്യൂട്ടിയിലിരിക്കെ ചികിത്സ തേടിയെത്തിയ പിജി വിദ്യാർത്ഥിനിയോട്, വിശദമായ പരിശോധനയ്ക്കായി ഉച്ചയ്ക്ക് ശേഷം ആശുപത്രിക്ക് സമീപമുള്ള തന്റെ സ്വകാര്യ പ്രാക്ടീസ് മുറിയിലേക്ക് എത്താൻ ഡോക്ടർ ആവശ്യപ്പെടുകയായിരുന്നു. അവിടെവെച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ ഡോക്ടർ നിഷേധിച്ചിട്ടുണ്ട്. ദേഹപരിശോധന മാത്രമാണ് നടത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.
സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇന്നലെ രാത്രി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. കേസിൽ പൊലീസിന്റെ തുടർനടപടികൾ പുരോഗമിക്കുകയാണ്.



