വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ ഗ്രാമത്തിന് നേരെ ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണം; അഞ്ച് പേർക്ക് പരിക്ക്

റാമല്ല: അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റ കേന്ദ്രങ്ങൾ സൈന്യം പൊളിച്ചുമാറ്റിയതിന് പിന്നാലെ, ഇസ്രായേലി കുടിയേറ്റക്കാർ ഫലസ്തീൻ ഗ്രാമത്തിലേക്ക് ഇരച്ചുകയറി നടത്തിയ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച അത്താറ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് ഇസ്രായേലി മനുഷ്യാവകാശ സംഘടനയായ ‘യെഷ് ദിൻ’ അറിയിച്ചു. സൈനിക സംഘം പ്രദേശത്തുനിന്ന് പിൻവാങ്ങിയതിന് പിന്നാലെ വടികളും കണ്ണീർവാതകവും കല്ലുകളുമായി എത്തിയ ഡസൻ കണക്കിന് കുടിയേറ്റക്കാർ ഗ്രാമീണരെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ അഞ്ച് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാൾക്ക് തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് നില ഗുരുതരമാണ്. പരിക്കേറ്റവരിൽ 67 വയസ്സുള്ള ഒരാളും ഉൾപ്പെടുന്നതായി ഫലസ്തീൻ റെഡ് ക്രസന്റ് വ്യക്തമാക്കി.

അത്താറയ്ക്ക് സമീപമുള്ളതടക്കം രണ്ട് അനധികൃത കുടിയേറ്റ കേന്ദ്രങ്ങളിലെ (ഔട്ട്‌പോസ്റ്റുകൾ) ടെന്റുകളും വാഹനങ്ങളും താൽക്കാലിക നിർമ്മിതികളും നീക്കം ചെയ്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഒഴിപ്പിക്കൽ നടപടിക്കിടെ കുടിയേറ്റക്കാർ കെട്ടിടങ്ങൾക്കുള്ളിൽ നിലയുറപ്പിച്ച് പ്രതിരോധിച്ചെങ്കിലും ഇവരെ പിരിച്ചുവിട്ടതായും സൈന്യം വ്യക്തമാക്കി. എന്നാൽ, ഒഴിപ്പിക്കൽ നടപടിക്ക് മുന്നോടിയായി സൈന്യം ഗ്രാമത്തിലേക്കുള്ള വിവിധ വഴികൾ അടച്ചത് കുടിയേറ്റക്കാർക്ക് ഗ്രാമത്തിനുള്ളിൽ കടന്ന് സ്വതന്ത്രമായി അക്രമം അഴിച്ചുവിടാൻ സഹായകമായെന്ന് അത്താറ നിവാസിയും പ്രാദേശിക മാധ്യമപ്രവർത്തകനുമായ അബ്ദുൽഹാദി അത്താരി എ.എഫ്.പിയോട് പറഞ്ഞു. കുടിയേറ്റക്കാർ വീടുകളുടെ വാതിലുകൾ തകർക്കുകയും ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്തതായും കുട്ടികൾ ഭയചകിതരായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

1967 മുതൽ ഇസ്രായേൽ കൈവശപ്പെടുത്തിയിരിക്കുന്ന വെസ്റ്റ് ബാങ്കിൽ അഞ്ച് ലക്ഷത്തിലധികം ഇസ്രായേലികളാണ് കുടിയേറ്റ കേന്ദ്രങ്ങളിൽ താമസിക്കുന്നത്. അന്താരാഷ്ട്ര നിയമപ്രകാരം ഇവയെല്ലാം അനധികൃതമാണെങ്കിലും, കാവൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ വലതുപക്ഷ സർക്കാരിന് കീഴിൽ കുടിയേറ്റ കേന്ദ്രങ്ങൾ വ്യാപകമായി വർദ്ധിച്ചിട്ടുണ്ട്. 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം വെസ്റ്റ് ബാങ്കിൽ സൈന്യത്തിന്റെയും കുടിയേറ്റക്കാരുടെയും ആക്രമണങ്ങളിൽ 1,100-ലധികം പലസ്തീനികളും, ഫലസ്തീൻ ആക്രമണങ്ങളിലും സൈനിക നടപടികളിലുമായി 50-ലധികം ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്.

കുടിയേറ്റക്കാരുടെ അതിക്രമങ്ങളെ തുടർന്ന് ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടെയുള്ള രാജ്യങ്ങൾ സെപ്റ്റംബറിൽ കുടിയേറ്റ ഉൽപ്പന്നങ്ങൾക്ക് വ്യാപാര ഉപരോധം ഏർപ്പെടുത്തുകയും, വെസ്റ്റ് ബാങ്ക് കുടിയേറ്റ സമിതി തലവൻ യോസി ദാഗന് കഴിഞ്ഞ ആഴ്ച ഫ്രാൻസ് പ്രവേശനാനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. അതേസമയം, രണ്ട് ദിവസത്തിനിടെ നാല് അനധികൃത കേന്ദ്രങ്ങൾ പൊളിച്ചുമാറ്റിയതായും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ‘എക്സി’ലൂടെ (X) പ്രതികരിച്ചു.

Related Articles

- Advertisement -spot_img

Latest Articles