പി.എം ശ്രീ വിവാദം: മുന്നണിക്കുള്ളിൽ പോര് മുറുകുന്നു; പരസ്യമായി ഏറ്റുമുട്ടി ബിനോയ് വിശ്വവും വി. ശിവൻകുട്ടിയും

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടതുമുന്നണിക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. വിഷയത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ വി. ശിവൻകുട്ടിയും പരസ്യമായി ഏറ്റുമുട്ടി. ശിവൻകുട്ടിക്ക് സി.പി.ഐയെ അറിയില്ലെങ്കിൽ അത് പഠിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹത്തിന് രാഷ്ട്രീയബോധം നഷ്ടപ്പെട്ടോയെന്നും ബിനോയ് വിശ്വം രൂക്ഷമായി ചോദിച്ചു. കോൺഗ്രസിനുള്ളിൽ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയടക്കം ആഭ്യന്തര പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, അനവസരത്തിൽ ആർക്കുവേണ്ടിയാണ് ശിവൻകുട്ടി ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും രാഷ്ട്രീയ മര്യാദ കൊണ്ടാണ് പലതും പരസ്യമായി ഉന്നയിക്കാത്തതെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

നേട്ടങ്ങളെല്ലാം സി.പി.ഐക്കും കോട്ടങ്ങളെല്ലാം സി.പി.എമ്മിനും എന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന വി. ശിവൻകുട്ടിയുടെ പ്രസ്താവനയാണ് ബിനോയ് വിശ്വത്തെ പ്രകോപിപ്പിച്ചത്. ഇതെന്ത് മുന്നണി ബന്ധമാണെന്ന് ചോദിച്ച ശിവൻകുട്ടി, കോട്ടമുണ്ടെങ്കിൽ അത് സി.പി.ഐക്കും ബാധകമാണെന്ന് തുറന്നടിച്ചു. പി.എം ശ്രീ വിഷയത്തിൽ തിരുത്തൽ വരുത്തിയതുകൊണ്ടാണ് എൽ.ഡി.എഫിന്റെ അന്തസ്സ് ഉയർത്തിപ്പിടിച്ചതെന്ന ബിനോയ് വിശ്വത്തിന്റെ വാദത്തോട് യോജിപ്പില്ലെന്നും, എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ എല്ലാകാര്യങ്ങളും ഒറ്റക്കെട്ടായാണ് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് ഒരു ദുർബലനിമിഷത്തിൽ സംഭവിച്ച അബദ്ധമായിരുന്നുവെന്ന എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണന്റെ പരാമർശമാണ് മുന്നണിക്കുള്ളിലെ പുതിയ വാക്പോരുകൾക്ക് തുടക്കമിട്ടത്.

Related Articles

- Advertisement -spot_img

Latest Articles