ഷുക്കൂർ വധം: കള്ളസാക്ഷി പറയാൻ പോകാതിരുന്നവരാണ് യഥാർത്ഥ വിശ്വാസികളെന്ന് പി. ജയരാജൻ

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ താനും ടി.വി. രാജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ഗൂഢാലോചന നടത്തിയെന്ന് കള്ളസാക്ഷി പറയാൻ പോകാതിരുന്നവരാണ് യഥാർത്ഥ സത്യവിശ്വാസികളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. യഥാർത്ഥ വിശ്വാസിക്ക് കള്ളസാക്ഷി പറയാൻ കഴിയില്ലെന്നും കേസിൽ തുടർ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കോടതിയിൽ കള്ളമൊഴി നൽകാൻ മുസ്‌ലിം ലീഗ് സാക്ഷികളെ തയ്യാറാക്കി നിർത്തിയിരുന്നുവെന്നും, അതിലൊരാൾ വിദേശത്തുനിന്ന് കോടതി വളപ്പ് വരെ എത്തിയിട്ടും തെറ്റായ കാര്യങ്ങൾ പറയാൻ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെ പ്രോസിക്യൂഷൻ വിസ്തരിക്കാതെ പിന്മാറുകയായിരുന്നുവെന്നും ജയരാജൻ ആരോപിച്ചു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന തന്നെ ‘സ്വയം പ്രഖ്യാപിത നാടുവാഴി’ എന്ന് വിധിന്യായത്തിൽ വിശേഷിപ്പിച്ച ജഡ്ജിക്ക് മാർക്സിസ്റ്റ് വിരുദ്ധ ജ്വരത്തിന് കൂടി ചികിത്സ നടത്തണമെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം, പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ട കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി വിധിയിൽ പൂർണ്ണ തൃപ്തിയില്ലെന്നും വിധിക്കെതിരെ അപ്പീൽ പോകുമെന്നും മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി അറിയിച്ചു. സി.പി.എമ്മിലെ ഉന്നത നേതാക്കളും അവരുടെ മക്കളും പ്രതികളായ കേസായതിനാൽ സാക്ഷികളെ മനഃപൂർവം ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് രണ്ട് സാക്ഷികൾ കോടതിയിൽ എത്താതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേസിൽ ഡീൽ ഉണ്ടെന്ന ആരോപണം അസംബന്ധമാണെന്നും, സാക്ഷികളിൽ ഒരാൾ വിദേശത്തുനിന്ന് കോടതി വളപ്പ് വരെ വന്നിരുന്നുവെന്ന് പി. ജയരാജൻ പറയുമ്പോഴാണ് താൻ അറിയുന്നതെന്നും ചേലേരി വ്യക്തമാക്കി. കോടതിയിൽ ഹാജരാകാതിരുന്നവർക്ക് ലീഗുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാക്ഷികളെ മുഴുവൻ കോടതിയിലെത്തിക്കാൻ പ്രോസിക്യൂഷൻ പരമാവധി ശ്രമം നടത്തിയതായി അഭിഭാഷകൻ പത്മനാഭൻ അറിയിച്ചപ്പോൾ, പ്രതികൾ രക്ഷപ്പെടാൻ ഗൂഢാലോചന നടന്നതായി അഡ്വ. കെ.എ. ലത്തീഫ് ആരോപിച്ചു.

Related Articles

- Advertisement -spot_img

Latest Articles